സെമികണ്ടക്ടർ ആവശ്യം വർധിക്കുമെന്ന്
Sunday, April 13, 2025 1:06 AM IST
ന്യൂഡൽഹി: 2030 ആകുന്നതോടുകൂടി ഇന്ത്യയുടെ സെമികണ്ടക്ടർ ആവശ്യം വലിയ തോതിൽ വർധിക്കുമെന്ന് സാന്പത്തിക സേവന കന്പനിയായ യുബിഎസ് അറിയിച്ചു. 15 ശതമാനം ശരാശരി വാർഷിക വളർച്ചാനിരക്കാണ് ഇക്കാര്യത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്.
2025ൽനിന്ന് 2030ൽ എത്തുന്പോൾ വരുമാനം 54 ബില്യണ്‍ ഡോളറിൽ നിന്നും 108 ബില്യണ്‍ ഡോളറിലെത്തുമെന്നും യുബിഎസ് റിപ്പോർട്ടിൽ പറയുന്നു. ആഗോള സെമികണ്ടക്ടർ വിപണിയിലുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്ന വളർച്ചയേക്കാൾ വേഗത്തിലാണ് ഇന്ത്യയുടെ വളർച്ചയെന്നും യുബിഎസ് പറയുന്നു.
അനുകൂലമായ സർക്കാർ നയങ്ങളും ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വാങ്ങാൻ കൊതിക്കുന്ന ജനസമൂഹവും അത്യാധുനിക സെമികണ്ടക്ടറുകൾ ഉപയോഗിക്കാൻ താത്പര്യപ്പെടുന്ന കന്പനികളും ഇന്ത്യയുടെ പ്രത്യേകതയാണ്. യുഎസ് ഉയർത്തുന്ന താരിഫ് ഭീഷണികളെ നേരിടാനായി വൻകിട കന്പനികൾ തങ്ങളുടെ വിതരണശൃംഖല പുനഃക്രമീകരിക്കാനുള്ള ആലോചനകളിലാണ്.
ചൈനയ്ക്കു പുറത്തേക്ക് ഉത്പാദന കേന്ദ്രങ്ങൾ വിപുലീകരിക്കാനും ചില കന്പനികൾക്ക് പദ്ധതിയുണ്ട്. ആഗോള ചിപ്പ് ഡിസൈനർമാരിൽ 20 ശതമാനത്തോളം ഇന്ത്യയിൽ തന്നെ വിവിധ ബഹുരാഷ്ട്ര കന്പനികൾക്കായി ജോലി ചെയ്യുന്നുണ്ടെന്നതും ഇന്ത്യക്ക് അനുകൂലമായ ഘടകമാണ്.