മാർച്ചിൽ മുന്നിൽ ചാറ്റ്ജിപിടി
Sunday, April 13, 2025 1:06 AM IST
ന്യൂയോർക്ക്: മാർച്ചിൽ ഏറ്റവും കൂടുതൽ ഡൗണ്‍ലോഡ് ചെയ്ത ആപ്പായി ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി.
ഇൻസ്റ്റഗ്രാമിനെയും ടിക് ടോക്കിനെയും മറികടന്നാണ് ചാറ്റ്ജിപിടി ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി മാറിയതെന്ന് അനലിറ്റിക്സ് സ്ഥാപനമായ ആപ്പ്ഫിഗേഴ്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് ആദ്യം ആരംഭിക്കുകയും പെട്ടെന്ന് വൈറലാകുകയും ചെയ്ത ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷൻ സവിശേഷതയാണ് ഡൗണ്‍ലോഡ് കൂട്ടിയത്.
ഉപയോക്താക്കൾ ഗിബ്ലി-സ്റ്റൈൽ ചിത്രങ്ങൾ സൃഷ്ടിക്കുകയും അവ വ്യാപകമായി പങ്കിടുകയും ചെയ്തു. ഇത് ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള ഡൗണ്‍ലോഡുകളിൽ 28 ശതമാനം വർധനവിന് കാരണമായി. 2025 ന്റെ ആദ്യ പാദത്തെ 2024ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുന്പോൾ, ചാറ്റ്ജിപിടിയുടെ ഡൗണ്‍ലോഡുകൾ 148% വർധിച്ചുവെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
മാർച്ചിൽ ആഗോളതലത്തിൽ ചാറ്റ്ജിപിടി 46 മില്യണ്‍ ഡൗണ്‍ലോഡുകൾ രേഖപ്പെടുത്തിയതായി ആപ്പ്ഫിഗേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഇത് ഇൻസ്റ്റാഗ്രാമിനെ ഒരു ചെറിയ വ്യത്യാസത്തിൽ പിന്നിലാക്കി.
ചാറ്റ്ജിപിടി ഐഒഎസിൽ 13 മില്യണ്‍ ഡൗണ്‍ലോഡുകളും ആൻഡ്രോയിഡിൽ 33 മില്യണ്‍ ഡൗണ്‍ലോഡുകളും നേടി. മൊത്തം ഡൗണ്‍ലോഡുകളിൽ ചാറ്റ്ജിപിടിക്കൊപ്പമാണ് ഇൻസ്റ്റഗ്രാമെങ്കിലും ചെറിയ വ്യത്യാസം രണ്ടു ആപ്പുകളും തമ്മിലുണ്ടായിരുന്നു.
ഐഒഎസിൽ അഞ്ചു മില്യണും ആൻഡ്രോയിഡിൽ 41 മില്യണും. 45 മില്യണ്‍ ഡൗണ്‍ലോഡുകളുമായി ടിക് ടോക് മൂന്നാം സ്ഥാനത്തെത്തി - ഐഒഎസിൽ എട്ടു മില്യണും ആൻഡ്രോയിഡിൽ 37 മില്യണും.
“ഞങ്ങളുടെ കണക്കുകൾ പ്രകാരം, മാർച്ചിൽ ചാറ്റ്ജിപിടിയിൽ 46 മില്യണ്‍ ഡൗണ്‍ലോഡുകൾ കണ്ടു. റൗണ്ട് ചെയ്യുന്നതിന് മുന്‍പ് ഇൻസ്റ്റാഗ്രാമിനേക്കാൾ അല്പം കൂടുതലാണിത്.’’- റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
130 മില്യണിലധികം ഉപയോക്താക്കൾ പുതിയ ഫീച്ചർ ഉപയോഗിച്ചതായും, ലോഞ്ച് ചെയ്തതിനുശേഷം 700 മില്യണിലധികം ചിത്രങ്ങൾ ഒരുമിച്ച് സൃഷ്ടിച്ചതായും ഓപ്പണ്‍എഐയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബ്രാഡ് ലൈറ്റ്കാപ്പ് എക്സിൽ കുറിച്ചു.