കര്‍ഷകനു കാലാവസ്ഥ പ്രതികൂലമായി; കാപ്പിത്തോട്ടങ്ങളിൽ കണ്ണീർ
വിപണിവിശേഷം /കെ.ബി. ഉദയഭാനു
Monday, August 12, 2024 12:20 AM IST
സുവർണ നേട്ടങ്ങൾക്കൊടുവിൽ ഇന്ത്യ റബർ വിപണി സാങ്കേതികതിരുത്തലിലേക്ക്. ഏഷ്യൻ അവധികൾ ബുള്ളിഷ് ട്രെൻഡിൽ, ഫണ്ടുകൾ ഈ വാരം ലാഭമെടുപ്പിനു മുതിരാം. പ്രതികൂല കാലാവസ്ഥയിൽ കാപ്പിത്തോട്ടങ്ങൾ ആടിയുലഞ്ഞു. അടുത്ത സീസണിൽ വിളവ് ചുരുങ്ങും. നാളികേരോത്പന്നങ്ങൾ ചിങ്ങപ്പിറവിക്കായി കാതോർക്കുന്നു.
റിക്കാർഡ് റബർ
പഴയ തലമുറയിലെ റബർകർഷകരുടെ വലിയൊരു സ്വപ്നമായിരുന്നു ഒരിക്കൽക്കൂടി ചരിത്രം തിരുത്തുന്ന പ്രകടനം റബറിൽ ദർശിക്കണമെന്നത്. നീണ്ട 13 വർഷങ്ങൾക്കുശേഷം അതേ റബർ പ്രതിസന്ധികളിൽനിന്നു സടകുടഞ്ഞുണർന്ന് 240 രൂപയിലെ റിക്കാർഡ് പഴങ്കഥയാക്കി 252ലേക്കു സഞ്ചരിച്ചു. അന്നു വിപണിക്കൊപ്പം സഞ്ചരിച്ച പലരും പന്നീടുണ്ടായ വിലത്തകർച്ചയിൽ മറ്റു മേഖലകളിലേക്കു തിരിഞ്ഞു.
റബറിന്റെ വിലത്തകർച്ച സംസ്ഥാനത്തിന്റെ സന്പദ്ഘടനയിൽപോലും വിള്ളലുളവാക്കി. വിലത്തകർച്ച കർഷകകുടുംബങ്ങളെയും കണ്ണീര് കുടിപ്പിച്ചു. കാലം മാറി, വിപണിയും വിപണനതന്ത്രവും മാറി. ഇനി രംഗത്തു പിടിച്ചുനിൽക്കണമെങ്കിൽ ടയർ ലോബിയുമായി പയറ്റാൻ പുതിയ തന്ത്രങ്ങൾ സ്വായത്തമാക്കേണ്ടതുണ്ട്.
സംസ്ഥാനത്തു റബർ ഷീറ്റ് ക്ഷാമം രൂക്ഷം. ചിങ്ങം മുതൽ റബർവെട്ട് ഉൗർജിതമാകുന്നതോടെ കാർഷികമേഖല വീണ്ടുമുണരും. കനത്ത മഴയിൽ ഉത്പാദകർ പിന്നിട്ട മാസങ്ങളിൽ രംഗത്തുനിന്ന് അകന്നു. പുതിയ ചരക്കിന്റെ വരവോടെ വിപണിയുടെ ദിശയിൽ നേരിയ മാറ്റങ്ങൾ കണ്ടുതുടങ്ങും. ടാപ്പിംഗ് തുടങ്ങിയാൽ ലാറ്റക്സ് വിൽപ്പനയ്ക്കു തന്നെയാകും ഒരു വിഭാഗം ഉത്സാഹിക്കുക. ഷീറ്റാക്കി രംഗത്തെത്തിക്കുന്പോൾ ഉയർന്ന വില ഉറപ്പുവരുത്താനാകുമോ? ടയർ ലോബിയിൽനിന്നു മുൻകാലങ്ങളിലെ അനുഭവം അത്തരത്തിലായിരുന്നു.
ബോർഡ് ആർക്കൊപ്പം?
കർഷകർ വാണിജ്യപരമായി ലാറ്റക്സിൽനിന്നു ഷീറ്റിലേക്കു ചുവടുമാറ്റണമെന്ന അഭ്യർഥനയുമായി ബോർഡ് രംഗത്തെത്തി. അപ്പോൾ ഏജൻസി ആർക്കുവേണ്ടിയാണ് ഈ മഴക്കാലത്തു കുടപിടിക്കുന്നതെന്നു വ്യക്തം. വിലത്തകർച്ചയിൽ ഉത്പാദനമേഖല വട്ടംകറങ്ങിയപ്പോൾ ഇറക്കുമതിയരുത്, വിലയിടിക്കരുത് എന്നിങ്ങനെ വ്യവസായികളോട് ഒന്നഭ്യർഥിക്കാൻപോലും ഈ മേലാളൻമാർ അന്നുണ്ടായിരുന്നില്ല.
മേയ് അവസാനം 190 രൂപയിൽ ഉടലെടുത്ത ബുൾ റാലിയാണു നാം ഇതുവരെ ദർശിച്ചത്. ജൂണ്‍ ആദ്യവാരം 200ലേക്കു പ്രവേശിച്ച റബർ ഓഗസ്റ്റ് ആദ്യം 240ലെ റിക്കാർഡിലെത്തി. കഴിഞ്ഞ വാരം നാലാം ഗ്രേഡ് ചരിത്രത്തിലാദ്യമായി 252 രൂപയിൽ റിക്കാർഡ് ക്ലോസിംഗ് കാഴ്ച്ചവച്ചശേഷം സാങ്കേതിക തിരുത്തലിനു ശ്രമിച്ചു. ശനിയാഴ്ച റബർ 246 രൂപയിലാണ്. 224ലെ താങ്ങ് നിലനിൽക്കുവോളം ഉയർന്ന റേഞ്ചിലേക്കു മുന്നേറാൻ റബർ ശ്രമം തുടരും.
ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ റബർ മികവിലാണ്. മുൻവാരം സൂചിപ്പിച്ചതു ശരിവച്ച് അവധിവിലകൾ താഴ്ന്ന റേഞ്ചിൽനിന്ന് 320-331 യെന്നിലേക്കു ചുവടുവച്ചു. 335 റേഞ്ചിൽ ഫണ്ടുകൾ ലാഭമെടുപ്പു തുടങ്ങിയാൽ 310 യെന്നിൽ സപ്പോർട്ടുണ്ട്. സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിലും റബർവില ഉയർന്നു. മഴ മൂലം തായ്ലൻഡിൽ സ്തംഭിച്ച ടാപ്പിംഗ് ഈവാരം പുനരാരംഭിക്കും. ബാങ്കോക്കിൽ ഷീറ്റ് വില 19,557 രൂപയിൽനിന്ന് 20,534 വരെ ഉയർന്നശേഷം 20,465 രൂപയിലാണ്.
വൻ കൃഷിനാശം
ദക്ഷിണേന്ത്യൻ കാപ്പിത്തോട്ടങ്ങളിലെ കൃഷിനാശം അടുത്ത സീസണിൽ ഉത്പാദനം കുറയാനിടയാക്കും. ജൂലൈയിൽ കനത്ത മഴയിൽ വയനാട്ടിലെയും കർണാടകത്തിലെ കൂർഗ്, ഹസൻ, ചിക്കമംഗലൂർ ജില്ലകളിലെയും തോട്ടങ്ങളിൽ കാപ്പിക്കുരു അടർന്നു വീണു. 2023-24 കാപ്പി വർഷത്തിൽ ഏകദേശം 3.6 ലക്ഷം ടണ്‍ പച്ചക്കാപ്പി രാജ്യത്ത് ഉത്പാദിപ്പിച്ചു.
അടുത്ത സീസണിൽ ഉത്പാദനം 20-25 ശതമാനം ഇടിയാൻ സാധ്യത. വയനാട്ടിൽ ഏകദേശം 200 ഏക്കർ കാപ്പിക്കൃഷിക്കു നാശം സംഭവിച്ചു. മൊത്തം കാപ്പി ഉത്പാദനത്തിൽ 70 ശതമാനം കർണാടകത്തിലും 20 ശതമാനം കേരളത്തിലുമാണ്. വാരാന്ത്യം വയനാട്ടിൽ ഉണ്ടക്കാപ്പി 11,500 രൂപയിലും പരിപ്പ് 39,000 രൂപയിലുമാണ്.
ചിങ്ങം കാത്ത്
നാളികേരോത്പന്ന വിപണിയും കാർഷികമേഖലയും ചിങ്ങപ്പിറവിക്കായി കാത്തുനിൽക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെളിച്ചെണ്ണയുടെ കൈമാറ്റം നടക്കുന്നത് ഓണവേളയിലാണ്. ഉത്സവദിനങ്ങളിലെ വിൽപ്പനയ്ക്കായി തമിഴ്നാട് ഉയർന്ന അളവിൽ എണ്ണ കേരളത്തിലെ വിൽപ്പനയ്ക്കു സജ്ജമാക്കിയിട്ടുണ്ട്. കൊച്ചിയിൽ വെളിച്ചെണ്ണ 16,000 രൂപയിലും കൊപ്ര 10,200 രൂപയിലും സ്റ്റെഡിയാണ്.
ആഭരണവിപണികളിൽ സ്വർണവില താഴ്ന്നു. പവൻ 51,760 രൂപയിൽനിന്ന് 50,800ലേക്ക് ഇടിഞ്ഞശേഷം ശനിയാഴ്ച 51,560 രൂപയിലാണ്.