തീരുവ യുദ്ധം; തുടർനടപടികൾ മരവിപ്പിച്ച് ഇയു
Friday, April 11, 2025 1:06 AM IST
ബ്രസൽസ്/ബെയ്ജിംഗ്: വ്യാപാര പങ്കാളികൾക്കു മേൽ പരസ്പര അധിക തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താത്കാലികമായി മരവിപ്പിച്ചതിനാൽ ഇതിനെതിരേ സ്വീകരിക്കാൻ തീരുമാനിച്ച നടപടികളും നിർത്തിവയ്ക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡേർ ലെയെൻ അറിയിച്ചു.
ഉരുക്കിനും അലുമിനിയത്തിനും 25 ശതമാനം ചുങ്കം ചുമത്തിയതിന് പകരമായി അടുത്ത ചൊവ്വാഴ്ച മുതൽ 23.25 ബില്യണ്‍ ഡോളർ വിലമതിക്കുന്ന യുഎസ് ഇറക്കുമതികൾക്ക് പകരച്ചുങ്കം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. 90 ദിവസത്തേക്ക് തുടർനടപടികൾ നിർത്തിവയ്ക്കാനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.
യുഎസ് വിപണികൾക്ക് ബുധനാഴ്ച മികച്ച ദിനം
ട്രംപിന്റെ യു ടേണിനെത്തുർന്ന് ഇന്നലെ ലോകമെന്പാടുമുള്ള ഓഹരി വിപണികൾ ശക്തമായി തിരിച്ചുവന്നു. ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങൾക്കും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ അധികച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചെന്ന് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ബുധനാഴ്ച യുഎസ് ഓഹരി വിപണികൾ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തി. യുഎസ് വിപണികളിലുണ്ടായ കുതിപ്പിനു പിന്നാലെ ഇന്നലെ ഏഷ്യ പസഫിക് മേഖലയിലെ ഓഹരി വിപണികളും ഉയർന്നു. മഹാ വീർ ജയന്തി ദിനത്തെത്തുടർന്ന് ഇന്നലെ ഇന്ത്യൻ ഓഹരി വിപണിക്ക് അവധിയായിരുന്നു.
ബുധനാഴ്ച മന്ദഗതിയിൽ തുടങ്ങിയ അമേരിക്കൻ വിപണിയെ ആശ്വാസത്തിലാക്കി തീരുവ മരവിപ്പിക്കൽ പ്രഖ്യാപനം ഉച്ചകഴിഞ്ഞാണുണ്ടായത്. ഡൗ ജോണ്‍സ് ഇൻഡസ്ട്രിയൽ ആവറേജ് 7.9 ശതമാനം ഉയർന്നു.
ടെക് കന്പനികളുടെ സ്വന്തം നാസ്ദാക് 12.2 ശതമാനം ഉയർന്ന് 24 വർഷത്തെ ഏറ്റവും മികച്ച ദിനമാണ് ബുധനാഴ്ച കുറിച്ചത്. 2008 ഒക്ടോബർ 13നു ശേഷമുള്ള ഏറ്റവും മികച്ച ദിവസമായി എസ് ആൻഡ്പി 9.5 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഒക്ടോബറിൽ 11.6 ശതമാനമാണ് എസ് ആൻഡ് പി ഉയർന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള പ്രധാന ഓഹരി വിപണിയുടെ മൂന്നാമത്തെ വലിയ നേട്ടമാണ് ബുധനാഴ്ചത്തേത്.
ബുധനാഴ്ച കുതിച്ചുകയറിയ അമേരിക്കൻ സ്റ്റോക് മാർക്കറ്റുകൾ ഇന്നലെ താഴ്ന്നാണ് വ്യാപാരം നടത്തുന്നത്.
യൂറോപ്പിൽ തിരിച്ചുവരവ്
ട്രംപിന്റെ തീരുവ മരവിപ്പിക്കൽ പ്രഖ്യാപനത്തെത്തുടർന്ന് യൂറോപ്യൻ വിപണികൾ ശക്തമായ നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്റ്റോക്സ് 3.7 ശതമാനത്തിലെത്തി മൂന്നു വർഷ ത്തെ ഏറ്റവും മികച്ച ഉയരത്തിലാണ് ക്ലോസ് ചെയ്തത്. ബ്രിട്ടന്റെ എഫ്ടിഎസ്ഇ, ഫ്രാൻസിന്റെ സിഎസി, ജർമനിയുടെ ഡിഎഎക്സ് സൂചികകൾ മൂന്നു ശതമാനത്തിനു മുകളിൽ ഉയർന്നു.
ഏഷ്യൻ വിപണികൾക്ക് കുതിപ്പ്
അമേരിക്കൻ വിപണികളിലെ കുതിച്ചുചാട്ടത്തിനു പിന്നാലെ ഏഷ്യ-പസഫിക് മേഖലയിലെ സ്റ്റോക് മാർക്കറ്റുകളും ഇന്നലെ വൻ നേട്ടത്തിലെത്തി. ജപ്പാന്റെ നിക്കീ 8.66 ശതമാനം ഉയർന്നു 34,450 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.
സമീപ വർഷങ്ങളിലെ നിക്കീയുടെ ഒരു ദിവസത്തെ ഏറ്റവും മികച്ച വ്യാപാരദിനമാണ്. ദക്ഷിണ കൊറിയയുടെ കോസ്പി 5.69 ശതമാനവും ഓസ്ട്രേലിയയുടെ എസ് ആൻഡ് പി/ എഎസ്എക്സ് 4.69 ശതമാനവും ഉയർന്നു. ഹോങ്കോങിന്റെ ഹാങ് സെങും ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് സൂചിക യഥാക്രമം 1.71 ശതമാനത്തിലും 0.93 ശതമാനത്തിലും ഉയർന്നാണ് വ്യാപാരം പൂർത്തിയാക്കിയത്.
തായ്വാൻ, തായ്ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ ഓഹരിവിപണികളും പോസിറ്റീവിലാണ് ക്ലോസ് ചെയ്തത്. 46 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച വിയറ്റ്നാമിന്റെ പ്രധാന ഓഹരി വിപണി ട്രംപിന്റെ പുതിയ തീരുമാനം വന്നശേഷം കുതിച്ചുകയറി. 6.77 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്.
ചർച്ചയ്ക്കു തയാറെന്ന് ചൈന
തീരുവയുടെ കാര്യത്തിൽ ബെയ്ജിംഗ് യുഎസുമായി ഒരു പോരാട്ടത്തിന് തയാറെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കി.
എന്നാൽ അമേരിക്ക അവരുടെ താരിഫ് ഭീഷണികൾ തുടർന്നാൽ ഭയപ്പെടില്ല. യുഎസ് ജനങ്ങളുടെ പിന്തുണ നേടുന്നില്ല, അത് പരാജയത്തിൽ അവസാനിക്കും, മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു.
എന്നാൽ, ചൈനയുടെ വാണിജ്യമന്ത്രാലയം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. അമേരിക്ക ഈ വിഷയത്തിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചൈനയുടെ വാതിലുകൾ അവർക്കുവേണ്ടി തുറന്നിരിക്കും.
പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിലുള്ള ചർച്ചകൾ മാത്രമേ ചൈന അനുവദിക്കുകയുള്ളൂ. ഭീഷണിയുടെ സ്വരം ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
അമേരിക്ക യുദ്ധം ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതെ രീതിയിൽ തന്നെയായിരിക്കും തങ്ങളുടെ പ്രതികരണമെന്നും അവസാനം വരെ ഞങ്ങളും യുദ്ധം ചെയ്യുമെന്നും ഹി യോങ്ക്യാൻ മുന്നറിയിപ്പ് നൽകി.
കൂടുതൽ തീരുവ ചുമത്തുന്നതിൽനിന്നു പിന്മാറാൻ യുഎസിനെ നിർബന്ധിതരാക്കാൻ ചൈന മറ്റു രാജ്യങ്ങളെ കൂട്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ദിവസങ്ങളായിട്ടും യുഎസ് പ്രസിഡന്റ് ട്രംപിന്റെ വ്യാപാര യുദ്ധത്തിനെതിരേ സഖ്യമുണ്ടാക്കാൻ പല രാജ്യങ്ങളും തയാറായിട്ടില്ലാത്തതിനാൽ ഈ നീക്കം ഫലം കാണില്ലെന്നാണ് വിലയിരുത്തൽ.