കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സിയാൽ അക്കാദമിയിൽ പരിശീലനം; ധാരണാപത്രം ഒപ്പുവച്ചു
Thursday, July 18, 2024 10:43 PM IST
നെടുമ്പാശേരി: രാജ്യത്തെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകാനുള്ള ധാരണാപത്രത്തിൽ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡും (സിഐഎഎസ്എൽ) നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സ് ആൻഡ് നാർകോട്ടിക്സും (നാസിൻ) ധാരണാപത്രം ഒപ്പുവച്ചു.
കൊച്ചി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് സിയാൽ മാനേജിംഗ് ഡയറക്ടറും സിഐഎഎസ്എൽ ചെയർമാനുമായ എസ്. സുഹാസും നാസിൻ അഡീഷണൽ ഡയറക്ടർ രാജേശ്വരി ആർ. നായരും ധാരണാപത്രം കൈമാറിയത്.
നാസിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ഡയറക്ടർ എം.എസ്. സുരേഷും സിയാൽ അക്കാദമിയെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടർ സന്തോഷ് ജെ. പൂവട്ടിലുമാണ് ധാരണാപത്രം ഒപ്പുവച്ചത്. ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, നാസിൻ ഉദ്യോഗസ്ഥർ, സിയാൽ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൂതന സിമുലേഷൻ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബാഗേജ് പരിശോധനയിലുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണു പരിശീലനം നൽകുക. കാർഗോ ഇൻസ്പെക്ഷൻ പരിശീലനം, ലഹരിമരുന്ന് ഉപയോഗം തടയുന്നതിനായി പൊതുജനങ്ങൾക്ക് ബോധവത്കരണ ക്ലാസുകൾ എന്നിവയും നടത്തും.
2009ൽ സ്ഥാപിതമായ സിയാൽ ഏവിയേഷൻ അക്കാദമി വിമാനത്താവളങ്ങളിലും വ്യോമയാന മേഖലകളിലും പ്രവർത്തിക്കുന്ന ഉദ്യോഗാർഥികൾക്കായി വ്യോമയാന വ്യവസായ-അധിഷ്ഠിത പരിശീലന ക്ലാസുകൾ നൽകിവരുന്നു.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന് (സിബിഐസി) കീഴിലുള്ള പരമോന്നത പരിശീലന സ്ഥാപനമാണ് നാസിൻ.