സെൻസെക്സും നിഫ്റ്റിയും സർവകാല റിക്കാർഡിൽ
Tuesday, June 25, 2024 11:41 PM IST
മുംബൈ: സർവകാല റിക്കാർഡ് നേട്ടത്തിലെത്തി ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് ആദ്യമായി 78,000 പോയിന്റ് മറികടന്നപ്പോൾ, നിഫ്റ്റി 23,700 പോയിന്റിലെത്തി. ബാങ്കിംഗ് മേഖലയുടെ മികച്ച പ്രകടനമാണ് വിപണിയുടെ കുതിപ്പിന് പിന്നിൽ.
30 സെൻസെക്സ് കന്പനികളിൽ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
അതേസമയം അദാനി പോർട്ട്സ്, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ പിന്നാക്കം പോയി.
30-ഷെയർ ബിഎസ്ഇ സെൻസെക്സ് 712.44 പോയിന്റ് അഥവാ 0.92 ശതമാനം ഉയർന്ന് 78,053.52 എന്ന പുതിയ ക്ലോസിംഗ് റിക്കാർഡിലാണ് എത്തിയിരിക്കുന്നത്. ബെഞ്ച്മാർക്ക് 823.63 പോയിന്റ് ഉയർന്ന് 78,164.71 എന്ന പുതിയ റിക്കാർഡിലുമെത്തി.
നിഫ്റ്റി 183.45 പോയിന്റ് ഉയർന്ന് 23,721.30 എന്ന റിക്കോർഡിലാണ് ക്ലോസിംഗിൽ എത്തിയത്. പകൽ സമയത്ത്, അത് 216.3 പോയിന്റ് ഉയർന്ന് 23,754.15 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് എത്തിയത്.
തിങ്കളാഴ്ച യുഎസ് വിപണികൾ സമ്മിശ്ര നേട്ടത്തോടെയാണ് അവസാനിച്ചത്. മാർച്ച് പാദത്തിൽ ഇന്ത്യ കറണ്ട് അക്കൗണ്ട് മിച്ചം 5.7 ബില്യണ്‍ ഡോളർ അഥവാ ജിഡിപിയുടെ 0.6 ശതമാനം രേഖപ്പെടുത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിങ്കളാഴ്ച അറിയിച്ചിരുന്നു.
ഇന്ത്യയിൽ ലിഥിയം-അയണ്‍ ബാറ്ററികൾ ഉത്പാദിപ്പിക്കുന്നതിന് സ്ലൊവാക്യൻ കന്പനിയായ ജിഐബി എനർജിക്സുമായി കരാർ ഒപ്പിട്ടുവെന്ന റിപ്പോർട്ടിനെ തുടർന്ന് വാഹന ബാറ്ററി നിർമാതാക്കളായ അമര രാജയുടെ ഓഹരികൾ 16% ഉയർന്നു.
“വിപണി വീക്ഷിക്കുന്നതിൽനിന്നുള്ള ഒരു നല്ല വാർത്ത 2024 സാന്പത്തിക വർഷത്തിലെ ക്യു 4 ലെ കറന്റ് അക്കൗണ്ട് മിച്ചമായി മാറുന്നു എന്നതാണ്. ഇത് രൂപയുടെ മേലുള്ള സമ്മർദം ഇല്ലാതാക്കുകയും ഫെഡറൽ നിരക്ക് കുറയ്ക്കുന്നതിൽ വ്യക്തത വരുന്പോൾ എഫ്ഐഐ നിക്ഷേപത്തിന് വഴിയൊരുക്കുകയും ചെയ്യും” ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.