എക്സിറ്റ് പോൾ ആവേശത്തിൽ വിപണി
ഓഹരി അവലോകനം/ സോണിയ ഭാനു
Monday, June 3, 2024 1:20 AM IST
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഓഹരിവിപണിയിൽ ഇന്ന് ആവേശത്തിരമാല ഉയർത്തും. ഉൗഹക്കച്ചവടക്കാരിലും ഒരു വിഭാഗം ഫണ്ടുകളിലും ആവേശം ഉടലെടുത്താൽ മുൻനിര സൂചികകൾ രണ്ടു ശതമാനം വരെ ഉയരാം. രണ്ടാഴ്ചത്തെ കുതിപ്പിനൊടുവിൽ രണ്ടു ശതമാനം പ്രതിവാരനഷ്ടത്തിലാണു വിപണി.
കുതിക്കും
തെരഞ്ഞെടുപ്പു ഗോദയിൽനിന്നുള്ള പ്രവചനങ്ങളും നാളത്തെ ഫലപ്രഖ്യാപനവും ശക്തമായ ചാഞ്ചാട്ടം സൂചികയിൽ സൃഷ്ടിക്കും. വാരമധ്യം വരെ ചെറുകിട ഇടപാടുകാർ രംഗത്തുനിന്ന് അല്പം വിട്ടുനിൽക്കുന്നത് നഷ്ടസാധ്യത അകറ്റാം. അതേസമയം, തുടർഭരണം ലഭ്യമായാൽ വിപണിമൂല്യത്തിൽ നാലുവർഷ കാലയളവിൽ ഇരട്ടിക്കുതിപ്പിനു സാധ്യതയുണ്ട്. അഞ്ചു ട്രില്യണ്‍ ഡോളർവരെ കയറിയ വിപണിമൂല്യം പത്തു ട്രില്യണ്‍ ഡോളറിലേക്കുയർന്ന്, പുതിയ റിക്കാർഡുകൾ ഇന്ത്യൻ വിപണിയിൽ തങ്കലിപികളിൽ തുന്നിച്ചേർക്കും.
ബോംബെ സെൻസെക്സ് 1449 പോയിന്റും നിഫ്റ്റി സൂചിക 426 പോയിന്റും പ്രതിവാരനഷ്ടത്തിലാണ്. തളർച്ച പഴങ്കഥയാക്കാൻ ബുൾ ഓപ്പറേറ്റർമാർ ഇന്ന് സംഘടിത നീക്കത്തിനൊരുങ്ങാം. മുൻവാരം സൂചിപ്പിച്ച പ്രതിരോധമായ 23,301ലേക്ക് അതിവേഗം സഞ്ചരിക്കാനുള്ള കരുത്ത് ഈയവസരത്തിൽ നിഫ്റ്റി കണ്ടെത്തും.
വാരത്തിന്റെ തുടക്കത്തിൽ 22,957ൽനിന്ന് 23,110ൽ എത്തിയ സന്ദർഭത്തിൽ ബാധ്യതകൾ കുറയ്ക്കാൻ വിദേശഫണ്ടുകൾ സൃഷ്ടിച്ച വില്പനസമ്മർദം സൂചികയെ 22,417ലേക്ക് ഇടിച്ചശേഷം ക്ലോസിംഗിൽ 22,536ലാണ്. ഈ വാരം 22,955ലെ ആദ്യ പ്രതിരോധം ഭേദിക്കാനായാൽ അടുത്ത ലക്ഷ്യം 23,377ലാണ്. വാരമധ്യത്തിൽ ആവേശം കെട്ടടങ്ങിയാൽ തിരുത്തലിൽ 22,260-21,995ലേക്കു നീങ്ങാം.
ശുഭസൂചന
ഡെയ്ലി ചാർട്ടിലെ സാങ്കേതികവശങ്ങളിലേക്കു തിരിഞ്ഞാൽ എംഎസിഡി ദുർബലാവസ്ഥയിൽനിന്ന് മികവിലേക്കു പ്രവേശിച്ചതു ശുഭസൂചനയാണ്. എന്നിരുന്നാലും, വാരമധ്യത്തിനു മുന്‍പേ ഒരു റിവേഴ്സ് റാലിക്കിടയുണ്ട്. സൂപ്പർ ട്രെൻഡ് ബുള്ളിഷും പാരാബൊളിക് എസ്എആർ സെല്ലിംഗ് മൂഡിലുമാണ്. മറ്റു പല ഇൻഡിക്കേറ്റുകളും ന്യൂട്ടൽ റേഞ്ചിലാണ്. ഇതിനിടെ ഇന്ത്യ വൊളാറ്റിലിറ്റി ഇൻഡക്സ് 24.6ലേക്കുയർന്നത് അപായസൂചന നൽകുന്നു. ഒറ്റ മാസത്തിനിടെ സൂചിക 83 ശതമാനം ഉയർന്നതായാണു കണക്കുകൾ.
വിദേശഫണ്ടുകളുടെ നീക്കം ഇനി നിർണായകമാകും. മേയ് സെറ്റിൽമെന്റിനു തലേനാൾ 5000 ഷോട്ട് പൊസിഷനുകൾ പുതുതായി സൃഷ്ടിച്ചു, വിപണിയുടെ വെയ്റ്റേജ് വിൽപ്പനക്കാരിലേക്ക് അടുപ്പിക്കാൻ ശ്രമമുണ്ടായി. മേയിൽ 43,827 കോടി രൂപയാണ് അവർ പിൻവലിച്ചത്. ഈ വർഷം അവർ ഇതിനകം 1.28 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റു.
തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനവേളയിലെ ആവേശം നേട്ടമാക്കാൻ ആഭ്യന്തരഫണ്ടുകൾ ശ്രമിച്ചാൽ സ്വാഭാവികമായും ഷോട്ട് കവറിംഗിനു വിദേശ ഓപ്പറേറ്റർമാർ നിർബന്ധിതരാകും. ഇതിനൊപ്പം ഒരു ബുൾ റാലി ഇന്ത്യൻ മാർക്കറ്റിൽ ഉടലെടുക്കാനും സാധ്യതയുണ്ട്.
കരടിവാഴ്ച
നിഫ്റ്റി ഫ്യൂച്ചർ ജൂണിൽ 22,701ൽനിന്ന് മുൻവാരം സൂചിപ്പിച്ച 23,250ലെ പ്രതിരോധം കടന്ന് 23,271 വരെ ഉയർന്നതിനിടെ, കരടിക്കൂട്ടത്തിന്റെ കടന്നാക്രമണത്തിൽ ആടിയുലഞ്ഞു. ഫ്യൂച്ചറിലെ ഇടിവിൽ വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റ് 174.7 ലക്ഷം കരാറുകളിൽനിന്ന് വാരാവസാനം 157.7 ലക്ഷമായി. പത്തു ദിവസത്തിലെ ശരാശരിയായ 22,600 റേഞ്ചിൽ താങ്ങുണ്ട്. അനുകൂല വാർത്തകൾക്കു സൂചികയെ 23,250ലേക്ക് ഉയർത്താനാകും. സെൽ പ്രഷർ ഉടലെടുത്താൽ തിരുത്തൽ 22,400ല്ക്കേു നീളാം.
സെൻസെക്സിന് 75,410ൽനിന്ന് 75,915 വരെ ഉയർന്നതിനിടെ, ബ്ലൂചിപ്പ് ഓഹരികളിലെ വില്പന സമ്മർദത്തിൽ സൂചിക 73,673ലേക്ക് ഇടിഞ്ഞു. തകർച്ചയിൽ 73,418ലെ താങ്ങ് വിപണി നിലനിർത്തി. ക്ലോസിംഗിൽ സെൻസെക്സ് 73,961 പോയിന്റിലാണ്. 75,413ലെ ആദ്യ തടസം തകർക്കാനായാൽ 76,865നെ ലക്ഷ്യമാക്കും. വില്പനസമ്മർദമുണ്ടായാൽ 73,091ൽ താങ്ങുണ്ട്.
ഇടിഞ്ഞ് രൂപ
വിദേശഫണ്ടുകൾ കഴിഞ്ഞവാരം 1678.15 കോടിയുടെ നിക്ഷേപവും 6383.6 കോടിയുടെ വില്പനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ 14,935.15 കോടി രൂപയുടെ ഓഹരികൾ വാങ്ങി. മേയിലെ അവരുടെ നിക്ഷേപം 55,733 കോടി രൂപയാണ്. ഏപ്രിലിൽ 44,186 കോടിയായിരുന്നു. രൂപയുടെ മൂല്യം 83.09ൽനിന്ന് 83.47ലേക്കു ദുർബലമായശേഷം വാരാന്ത്യം 83.41ലാണ്. മൂല്യം 83.60ലേക്കു സഞ്ചരിക്കാൻ സാധ്യതയുണ്ട്. റിസർവ് ബാങ്ക് വാരത്തിന്റെ രണ്ടാം പകുതിയിൽ വായ്പാ അവലോകനത്തിന് ഒത്തുചേരും.