സാന്പത്തികവളർച്ച 7.8 ശതമാനം; കുതിപ്പ്
Friday, May 31, 2024 11:35 PM IST
ന്യൂഡൽഹി: മാർച്ചിൽ അവസാനിച്ച സാന്പത്തികപാദത്തിൽ 7.8 ശതമാനം സാന്പത്തികവളർച്ച കൈരിച്ച് ഇന്ത്യ. മുൻ വർഷത്തെ സമാന കാലയളവിൽ ഇത് 6.2 ശതമാനമായിരുന്നു. ഉത്പാദന, നിർമാണ, മൈനിംഗ്, സേവന മേഖലകളിലെ കുതിപ്പാണു നിലവിലെ വളർച്ചയ്ക്കു കാരണം. ഇതോടെ, ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാന്പത്തികശക്തിയെന്ന നേട്ടം ഇന്ത്യ തിരിച്ചുപിടിച്ചു.
ഡിസംബറിൽ അവസാനിച്ച പാദത്തിൽ 8.6 ശതമാനമായിരുന്നു ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ വളർച്ച. ഇത് മാന്ദ്യഭീതിയെ പൂർണമായി തള്ളിക്കളഞ്ഞു. ഈ കുതിപ്പിന്റെ ചുവടുപിടിച്ചാണു തുടർപാദത്തിലും ഇന്ത്യ ശക്തമായി മുന്നേറിയത്. മാർച്ച്പാദ കണക്കുകൾ പുറത്തുവന്നതോടെ, 2024 സാന്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 8.2 ശതമാനമായെന്ന് ഇന്നലെ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പറയുന്നു. റിസർവ് ബാങ്ക് ഏഴു ശതമാനവും ഐഎംഎഫ് 7.8 ശതമാനവും പ്രതീക്ഷിച്ചിരുന്നിടത്താണ് ഈ കുതിപ്പ്.
കഴിഞ്ഞ സാന്പത്തിവർഷം കയറ്റുമതി 2.62 ശതമാനവും ഇറക്കുമതി 10.95 ശതമാനവും മുൻ വർഷത്തെ അപേക്ഷിച്ചു വർധിച്ചു. ഉത്പാദന-നിർമാണ മേഖലകൾ നേട്ടമുണ്ടാക്കി. മണ്സൂണ് കാലം തെറ്റിയെങ്കിലും കാർഷികമേഖല പിടിച്ചുനിന്നു. കഴിഞ്ഞ സാന്പത്തിവർഷം ഈ മേഖല 1.4 ശതമാനം വളർച്ച കൈവരിച്ചതായാണു കണക്കുകൾ. 0.7 ശതമാനമായിരുന്നു കേന്ദ്രത്തിന്റെ പ്രതീക്ഷ.
ലോകത്തെ പ്രധാന സാന്പത്തികശക്തികൾ, ഉയർന്ന പലിശനിരക്ക് കാരണം വളർച്ചാമാന്ദ്യം നേരിടുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ കുതിപ്പെന്നതും ശ്രദ്ധേയം. ഈ കലണ്ടർ വർഷത്തിൽ 2.7 ശതമാനം മാത്രമാണ് അമേരിക്കയ്ക്ക് ഐഎംഎഫ് പ്രവചിക്കുന്ന വളർച്ച. യൂറോസോണിന്റെയും ചൈനയുടെയും വളർച്ച യഥാക്രമം 0.8, 5 ശതമാനത്തിൽ ഒതുങ്ങുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.
ധനക്കമ്മി 16.53 ലക്ഷം കോടി
2023-24 സാന്പത്തികവർഷത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 5.63 ശതമാനമാണ് ഇന്ത്യയുടെ ധനക്കമ്മി. കേന്ദ്ര ബജറ്റിൽ പ്രതീക്ഷിച്ച 5.8 ശതമാനത്തെക്കാൾ ഭേദമാണിതെന്ന് കംട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 16.53 ലക്ഷം കോടിയാണ് വരുമാനവും ചെലവും തമ്മിലുള്ള അന്തരം. 17.34 ലക്ഷം കോടിയാണു കേന്ദ്രം പ്രതീക്ഷിച്ചിരുന്നത്.