74,000... അതിവേഗക്കുതിപ്പ്
Friday, March 8, 2024 1:09 AM IST
മുംബൈ: ഇന്ത്യൻ ഓഹരിവിപണിക്ക് ചരിത്രക്കുതിപ്പുകളുടെയും റിക്കാർഡുകളുടെയും വർഷമാണ് 2024. നിഫ്റ്റി കഴിഞ്ഞ മാസം 22,000 പോയിന്റ് പിന്നിട്ടതിനു പിന്നാലെ സെൻസെക്സ് 74,000 പോയിന്റ് എന്ന സർവകാല റിക്കാർഡിലെത്തി. വെറും 34 സെഷൻകൊണ്ട് സെൻസെക്സ് 1,000 പോയിന്റും 172 സെഷനിൽ 10,000 പോയിന്റും കുതിച്ചു. കഴിഞ്ഞ വർഷം ജൂണ്‍ 30നാണ് സെൻസെക്സ് 64,000 പോയിന്റിലെത്തിയത്.
ഈ മാസം മാത്രം സെൻസെക്സ് രണ്ടു ശതമാനത്തിന്റെ കുതിപ്പു നടത്തി. ഫെബ്രുവരിയിൽ ഒരു ശതമാനമായിരുന്നു വളർച്ച; കഴിഞ്ഞ വർഷം 23 ശതമാനവും. ഈ മാസത്തെ ആറു സെഷനിൽ രണ്ടിൽ മാത്രമാണു സെൻസെക്സ് വ്യാപാരികൾക്കു നെഗറ്റീവ് റിട്ടേണ്‍ നൽകിയത്.
1986 ജനുവരിയിലാണ് സെൻസെക്സിൽ വ്യാപാരം ആരംഭിക്കുന്നത്. 550 പോയിന്റിലായിരുന്നു തുടക്കം. 26 വർഷങ്ങളുടെ കുതിപ്പിനുശേഷം വിപണി 74,000 പോയിന്റിൽ മുന്നോട്ടുപായാൻ തയാറായി നിൽക്കുന്നു. 2008ലെ ആഗോള സാന്പത്തികമാന്ദ്യത്തെ അതിജീവിച്ചതിന്റെയും കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്തതിന്റെ കരുത്തും കഥകളും ഇന്ത്യൻ വിപണിക്കു പറയാനുണ്ട്.
1000ല്‍നിന്ന് 74,000ലേക്ക്
1990 ജൂലൈയിലാണ് സെൻസെക്സ് ആദ്യമായി 1,000 പോയിന്റിലെത്തുന്നത്; വിപണി ആരംഭിച്ച് നാലു വർഷങ്ങൾക്കും 970 സെഷനുകൾക്കും ശേഷം. തൊട്ടടുത്ത 1,000 പോയിന്റ് കടക്കാൻ പക്ഷേ, വെറും 270 സെഷനേ വേണ്ടിവന്നുള്ളൂ. 1999 ഒക്ടോബറിൽ സെൻസെക്സ് 5,000 പോയിന്റിൽ തൊട്ടു. ഏഴു വർഷത്തിനുശേഷം, 2006 ഫെബ്രുവരിയിൽ സെൻസെക്സ് 10,000 പോയിന്റിലെത്തി. ആ വർഷംതന്നെ 11,000, 12,000, 13,000 മാർക്കുകളും സെൻസെക്സ് പിന്നിട്ടു.
തൊട്ടടുത്ത വർഷം, 2007ൽ സെൻസെക്സ് 20,000 പോയിന്റിലെത്തി; വെറും 107 സെഷനിൽ 10,000 പോയിന്റിന്റെ കുതിപ്പ്. ഇതിനുശേഷം സെൻസെക്സ് മാന്ദ്യത്തിലായി. പിന്നീടുള്ള 1,000 പോയിന്റിലെത്താൻ വിപണിക്കു മൂന്നു വർഷത്തെ കാലതാമസമെടുത്തു. 2010ലാണു സെൻസെക്സ് 21,000 പോയിന്റ് മറികടന്നത്. 22,000 പോയിന്റിലെത്താൻ വീണ്ടും നാലു വർഷം വേണ്ടിവന്നു. ആഗോള സാന്പത്തികമാന്ദ്യത്തിന്റെ പ്രതിഫലനമായിരുന്നു ഈ മന്ദഗതിക്കു കാരണം.
2014ൽ കുതിച്ചുപാഞ്ഞ സെൻസെക്സ് നിരവധി മാർക്കുകൾ പിന്നിട്ട് നവംബറിൽ 28,000 തൊട്ടു. തൊട്ടടുത്ത 50 സെഷൻകൊണ്ട് 1000 പോയിന്റിലെത്തിയെങ്കിലും 29,000ലെത്താൻ വീണ്ടും 225 സെഷനും രണ്ടു വർഷവും വേണ്ടിവന്നു. 2017 ഏപ്രിലിൽ സെൻസെക്സ് 30,000ൽ എത്തി. ആ വർഷം ഡിസംബറിൽ 34,000 പോയിന്റിലായിരുന്നു സെൻസെക്സ്. കുതിപ്പുതുടർന്ന സെൻസെക്സ് 2018 ജനുവരിയുടെ തുടക്കത്തിൽതന്നെ 35,000 പിന്നിട്ടു.
അതിജീവനം
ഒന്നര വർഷത്തിനുശേഷമാണ് വിപണി 40,000 മാർക്കിലെത്തുന്നത്; കോവിഡ് വ്യാപനത്തിനു മുന്‍പ് 2019 ജൂണിൽ. 2020 ഡിസംബറിൽ സെൻസെക്സ് 45,000 മാർക്ക് കടന്നു. തൊട്ടടുത്ത രണ്ടു മാസംകൊണ്ട് വിപണി 5,000 പോയിന്റും 50,000 പോയിന്റെന്ന നാഴികക്കല്ലും പിന്നിട്ടു. ഈ വർഷംതന്നെ (2021) 10,000 പോയിന്റിന്റെ കുതിപ്പ് നടത്തിയ സെൻസെക്സ് 60,000ൽ എത്തി (സെപ്റ്റംബറിൽ).
പിന്നീടുള്ള 5,000 പോയിന്റിലേക്കു കുറച്ചു കാലതാമസം നേരിട്ടെങ്കിലും കഴിഞ്ഞ വർഷം ജൂണിൽ സെൻസെക്സ് 65,000 പോയിന്റ് തൊട്ടു. ഈ മാസംതന്നെ 66,000, 67,000 എന്നീ നാഴികക്കല്ലുകളും സെൻസെക്സ് തകർത്തെറിഞ്ഞു.
2023 ഡിസംബർ നാലിന് സെൻസെക്സ് 68,000 പോയിന്റിലെത്തി. തൊട്ടടുത്ത ദിവസം 1,000 പോയിന്റിന്റെ കുതിപ്പ് നടത്തിയ സെൻസെക്സ് 69,000 കൈവരിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽത്തന്നെ 70,000, 71,000, 72,000 എന്നീ മാർക്കുകളും സെൻസെക്സ് പിന്നിലാക്കി.
ഈ വർഷത്തിന്റെ തുടക്കത്തിൽ, ജനുവരി 15ന് സെൻസെക്സ് 73,000 പോയിന്റ് തൊട്ടു. ഈ മാസം ആറിന് 74,000 പോയിന്റ് എന്ന സർവകാല റിക്കാർഡിലും സെൻസെക്സ് എത്തിനിൽക്കുന്നു.
8.4% നടപ്പു സാന്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ജിഡിപി വളർച്ച 8.4 ശതമാനത്തിൽ എത്തിയെന്ന കണക്കുകളാണ് ഓഹരിവിപണിയുടെ നിലവിലെ കുതിപ്പിന്റെ പ്രധാന കാരണം. രാജ്യത്തിന്റെ സാന്പത്തിക വളർച്ചയും ആഭ്യന്തര പരിഷ്കരണങ്ങളും ജിഡിപി വളർച്ചയ്ക്കു പിന്തുണ നൽകി. 2031ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സന്പദ്വ്യവസ്ഥയായി വളരുമെന്നാണ് റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിപ്പോർട്ട്. ഇക്കാലയളവോടെ ഇന്ത്യൻ സന്പദ്വ്യവസ്ഥ ഏഴു ട്രില്യണ്‍ ഡോളറാകുമെന്നും ക്രിസിൽ പ്രവചിക്കുന്നു.