യുപിഐ സേവനങ്ങൾ ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിച്ചു
Tuesday, February 13, 2024 12:46 AM IST
ന്യൂഡൽഹി: ഇന്ത്യൻ നിർമിത മൊബൈൽ അധിഷ്ഠിത പണമിടപാട് സേവനമായ യുണിഫൈഡ് പേമന്റ്സ് ഇന്റർഫേസ് (യുപിഐ) ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിച്ചു. ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന മൗറീഷ്യൻ പൗരന്മാർക്കും യുപിഐ സേവനങ്ങൾ ലഭ്യമാകും.
പ്രധാനമന്ത്രി മോദി, മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ്, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ എന്നിവർ പങ്കെടുത്ത വെർച്വൽ ചടങ്ങിൽ ഇന്ത്യയുടെ റുപേ കാർഡ് സേവനങ്ങളും മൗറീഷ്യസിൽ ആരംഭിച്ചു. യുപിഐയിലൂടെ വേഗമേറിയതും തടസമില്ലാത്തതുമായ പണമിടപാടുകൾ നടത്താനാവുന്നതിലൂടെ, രാജ്യങ്ങൾ തമ്മിലുള്ള ഡിജിറ്റൽ കണക്ടിവിറ്റി വർധിക്കുമെന്നും വലിയൊരു വിഭാഗം ആളുകൾക്ക് പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
യുപിഐ സംവിധാനത്തിൽനിന്ന് ശ്രീലങ്കയ്ക്കും മൗറീഷ്യസിനും നേട്ടമുണ്ടാകുമെന്നു താൻ വിശ്വസിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. അടുത്തിടെ ഫ്രാൻസിലും യുപിഐ സേവനം ആരംഭിച്ചിരുന്നു.
മൊബൈൽ ഫോണുകൾ വഴിയുള്ള ബാങ്ക് ഇടപാടുകൾ സുഗമമാക്കുന്നതിനുവേണ്ടി നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത പേമെന്റ് സംവിധാനമാണു യുപിഐ.