193 കാർഷിക ഉത്പന്നങ്ങൾ ഓണ്‍ലൈൻ വില്പനയ്ക്ക്; ഒന്‍പതു മാസത്തെ വിറ്റുവരവ് രണ്ടര ലക്ഷം
Saturday, February 10, 2024 12:20 AM IST
ബിനു ജോർജ്
കോഴിക്കോട്: വിവര സാങ്കേതിക വിദ്യ ഉപകാരപ്പെടുത്തി ഓണ്‍ലൈൻ മാർക്കറ്റിംഗിലേക്കു കൃഷി വകുപ്പ് നടത്തിയ ചുവടു മാറ്റം കർഷകർക്കു പ്രതീക്ഷയ്ക്കു വക നൽകുന്നു.
ഓണ്‍ലൈൻ വ്യാപാര ശൃംഖലയിലെ ആഗോള ഭീമന്മാരായ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയിലൂടെ കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾ വില്പനയ്ക്കെത്തിച്ചതിലൂടെ ഒന്‍പതു മാസംകൊണ്ടു ലഭിച്ച വിറ്റുവരവ് രണ്ടര ലക്ഷത്തിലധികം രൂപ.
കേരളഗ്രോ എന്ന ബ്രാൻഡിന്റെ കീഴിൽ 193 ഇനം ഉത്പന്നങ്ങളാണ് ഓണ്‍ലൈൻ സൈറ്റുകളിൽ വില്പനയ്ക്ക് സജ്ജീകരിച്ചത്. 2023 എപ്രിലിൽ തുടക്കമിട്ട ഓണ്‍ലൈൻ വില്പനയിലൂടെ 10 മാസമായപ്പോഴേക്കും 2,53,211 രൂപയാണ് ലഭിച്ചത്.
കൃഷി വകുപ്പിന്റെ കീഴിലുള്ള 22 ഫാമുകളിൽനിന്നും മണ്ണുത്തിയിലെ സ്റ്റേറ്റ് ബയോ കണ്ട്രോൾ ലാബിൽനിന്നുമായാണ് 193 ഉത്പന്നങ്ങൾ വില്പനയ്ക്ക് എത്തിച്ചത്. വിവിധയിനം നടീൽ വസ്തുക്കൾ, ഫലവൃക്ഷച്ചെടികളുടെ ഗ്രാഫ്റ്റ്, അലങ്കാര ചെടികൾ, ജൈവവളങ്ങൾ, മൂല്യ വർധിത കാർഷിക ഉത്പന്നങ്ങൾ (ശർക്കര, ഓറഞ്ച്, പാഷൻ ഫ്രൂട്ട് ജാം, വിവിധയിനം അച്ചാറുകൾ), ഹെയർ ഓയിൽ, ഹെയർ വാഷ് തുടങ്ങിയവയാണ് ഓണ്‍ലൈനിൽ ലഭ്യം. ഇതിൽ മൂല്യവർധിത ഉത്പന്നങ്ങൾക്കാണ് ഏറെ ഡിമാൻഡുള്ളത്.
കൃഷിവകുപ്പിനു കീഴിലുള്ള കൂടുതൽ ഫാമുകളുടെ ഉത്പന്നങ്ങൾ കേരളഗ്രോ ബ്രാൻഡിന്റെ കീഴിൽ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
രണ്ടാംഘട്ടമായി കർഷകരിൽനിന്ന് ഉത്പന്നങ്ങൾ ശേഖരിച്ച് ഓണ്‍ലൈൻ വില്‍പനയ്ക്കെത്തിക്കാനും പദ്ധതിയുണ്ട്. ഉത്പന്നങ്ങൾ കേരളഗ്രോ ബ്രാൻഡ് ചെയ്യുന്നതിനും ഓണ്‍ലൈൻ വിപണനത്തിനുമായി 2023-24 ബജറ്റിൽ സർക്കാർ 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുവഴി ഓണ്‍ലൈൻ മാർക്കറ്റിംഗ് കൂടുതൽ സജീവമാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.