കൊച്ചി അന്താരാഷ്ട്ര പ്രദർശന, വിപണനകേന്ദ്രം ഉദ്ഘാടനം ഇന്ന്
Sunday, February 4, 2024 12:14 AM IST
കൊച്ചി: വ്യവസായ സംരംഭകര്‍, കര്‍ഷകര്‍, പരമ്പരാഗത തൊഴിലാളികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ടുള്ള കൊച്ചി അന്താരാഷ്ട്ര പ്രദര്‍ശന, വിപണനകേന്ദ്രം ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയായി. ഉദ്ഘാനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വഹിക്കും.
കാക്കനാട് ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്വേയില് ഇന്‍ഫോപാര്‍ക്ക് സൗത്ത് ഗേറ്റിനുസമീപം 10 ഏക്കറിലാണ് സംസ്ഥാന സര്‍ക്കാര്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര എക്സിബിഷന് കം കണ്വന്ഷന് സെന്റര്‍ (ഐഇസിസി) ഒരുക്കിയിട്ടുള്ളത്. 90 കോടിയാണ് നിര്‍മാണച്ചെലവ്. അന്താരാഷ്ട്ര നിലവാരത്തില്‍ 55,000 ചതുരശ്രയടിയില്‍ ആറ് യൂണിറ്റുകളായാണ് പൂര്‍ണമായും എയര്‍ കണ്ടീഷനിലുള്ള പ്രദര്‍ശനകേന്ദ്രം സജ്ജമാക്കിയത്.
കൂടാതെ ആഭരണങ്ങള്‍, വിലപിടിപ്പുള്ള കല്ലുകള്‍പോലെ ഉയര്‍ന്ന മൂല്യമുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള 24 സ്റ്റാളുമുണ്ട്. ഓരോ യൂണിറ്റിലും ചരക്കുവാഹനങ്ങള്‍ കയറ്റാനുള്ള സൗകര്യമുണ്ട്. എല്‍സിഡി സ്ക്രീന്‍, ബിസിനസ് ചര്‍ച്ചകള്‍ നടത്താനുള്ള ഇടം, ലോക്കര്‍, നെയിം ടാഗിംഗ് മുറി, നിരീക്ഷണ കാമറകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും (എംഎസ്എംഇ) മറ്റ് വ്യവസായങ്ങള്‍ക്കും ഇവിടെ പ്രദര്‍ശനം സംഘടിപ്പിക്കാനാകും. കര്‍ഷകര്‍ക്ക് വിളകള്‍ നേരിട്ടും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കിയും വിപണിയിലെത്തിക്കാം.
പ്രദര്ശനകേന്ദ്രത്തിന് അനുബന്ധമായുള്ള കണ്വന്ഷന് സെന്റർ ജൂലൈയോടെ പൂര്‍ത്തിയാകും.