സൗത്ത് ഇന്ത്യന്‍ ബാങ്കിന് 782.52 കോടി അറ്റാദായം
Friday, January 19, 2024 1:26 AM IST
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസ ഫലത്തിൽ അറ്റാദായം 782.52 കോടി രൂപയായി ഉയർന്നു. മൂന്നാംപാദത്തിൽ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായമാണ്. 197.19 ശതമാനം വാര്‍ഷിക വര്‍ധനയോടെ 305.36 കോടി രൂപയാണു ബാങ്ക് നേടിയ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 102.75 കോടി രൂപയായിരുന്നു.
2023 ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ പ്രവർത്തനലാഭം മുൻവർഷത്തെ 203.24 കോടി രൂപയിൽനിന്ന് 483.45 കോടി രൂപയായും വർധിച്ചു. 137.87 ശതമാനമാണ് വാർഷിക വളർച്ച. മൊത്ത നിഷ്ക്രിയ ആസ്തികള്‍ മുന്‍വര്‍ഷത്തെ 5.48 ശതമാനത്തില്‍ നിന്നും 74 പോയിന്റുകൾ കുറച്ച് 4.74 ശതമാനമാനത്തിലെത്തിച്ചു.
അറ്റ നിഷ്ക്രിയ ആസ്തി 65 പോയിന്റുകൾ കുറച്ച് 2.26 ശതമാനത്തില്‍നിന്ന് 1.61 ശതമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ഓഹരികളിന്മേലുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 6.42 ശതമാനത്തിൽനിന്നും 16.38 ശതമാനമായി ഉയർന്നു. ആസ്തികളിന്മേലുള്ള വരുമാനം 0.39 ശതമാനത്തിൽനിന്ന് 1.07 ശതമാനമായും വർധിച്ചു. മൂന്നാം പാദത്തിൽ നീക്കിയിരുപ്പ് അനുപാതം 77.97 ശതമാനമാക്കിയും മെച്ചപ്പെടുത്തി.
റീട്ടെയിൽ നിക്ഷേപങ്ങള്‍ 7.25 ശതമാനം വര്‍ധിച്ച് 95,088 കോടി രൂപയിലെത്തി. എൻആർഐ നിക്ഷേപം 4.55 ശതമാനം വര്‍ധിച്ച് 29,236 കോടി രൂപയിലെത്തി. വായ്പാവിതരണത്തില്‍ 10.80 ശതമാനം വളര്‍ച്ച കൈവരിച്ചതായും സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.