16,000 കോടി വായ്പയ്ക്കായി അദാനി ഗ്രൂപ്പ് നീക്കം
Saturday, December 23, 2023 1:04 AM IST
മുംബൈ: 16,000 കോടി രൂപ (200 കോടി ഡോളർ) കൂടി വായ്പയെടുക്കാൻ നീക്കവുമായി ഗൗതം അദാനിയുടെ റിന്യൂവബിൾ എനർജി യൂണിറ്റ്. വ്യവസായവികസനം ലക്ഷ്യമാക്കിയാണു കന്പനിയുടെ നീക്കം.
സ്വകാര്യവായ്പകൾ, ഓഫ്ഷോർ ബാങ്ക് വായ്പകൾ, ഡോളർ-രൂപ ബോണ്ടുകൾ എന്നിവ വഴി വായ്പയെടുക്കാനുള്ള പദ്ധതിയാണു കന്പനിക്കു മുന്നിലുള്ളത്. അടുത്ത വർഷം തുടക്കത്തിൽ വായ്പ ലഭിച്ചുതുടങ്ങുന്ന തരത്തിലാണു നിലവിലെ നീക്കമെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ലൈവ്മിന്റിനോട് വെളിപ്പെടുത്തി. ഇതിനൊപ്പം, ആഗോള സാന്പത്തികസ്ഥാപനങ്ങളുമായും കന്പനി ചർച്ച നടത്തുന്നുണ്ട്. വിഷയത്തോട് അദാനി ഗ്രൂപ്പിന്റെ പ്രതിനിധി ഇതുവരെ പ്രതികരിച്ചില്ല.
2030ഓടെ 45 ഗിഗാവാട്ട് ശുദ്ധ ഊർജോത്പാദനമാണു റിന്യൂവബിൾ എനർജി യൂണിറ്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ പണസമാഹരണകാര്യങ്ങൾ തീരുമാനിക്കുന്നതിനായി ഈ മാസം 26നു ബോർഡ് യോഗം കൂടുന്നുണ്ട്.
ഓഹരിവില്പനയിലൂടെ 100 കോടി ഡോളർ സമാഹരിക്കാൻ അദാനി ഗ്രീൻ കന്പനി ലക്ഷ്യമിടുന്നതായി മറ്റൊരു ദേശീയമാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലൂടെ, വായ്പാപരിധി മോശമാക്കാതെ പണം സമാഹരിക്കാനാകുമെന്നു കന്പനി കണക്കുകൂട്ടുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരിവില വൻതോതിൽ ഇടിഞ്ഞിരുന്നെങ്കിലും സമീപകാലത്ത് തിരിച്ചുവരവിന്റെ പാതയിലാണ്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വൻ വിജയം നേടിയത് പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന അദാനിക്കു കാര്യങ്ങൾ എളുപ്പമാക്കി.