വിപണിയില് ഇലക്ഷൻ ഇഫക്ട്
Wednesday, December 6, 2023 1:17 AM IST
മുംബൈ: പുതിയ ഉയരങ്ങൾ കീഴടക്കി ഇന്ത്യൻ ഓഹരിസൂചികകൾ. ആറാമത്തെ ദിവസവും നേട്ടം സ്വന്തമാക്കിയ നിഫ്റ്റി 50 സൂചിക 168 പോയിന്റുയർന്ന് 20,855ലും സെൻസെക്സ് 431 പോയിന്റുയകർന്ന് 69,296ലും ക്ലോസ് ചെയ്തു.
ഇതിനിടെ നിഫ്റ്റി സർവകാല റിക്കാർഡായ 20,864.05ലും സെൻസെക്സ് സർവകാല റിക്കാർഡായ 69,381.31 ലും എത്തിയിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും സർവകാല റിക്കാർഡിലാണ്.
അഞ്ചു ദിവസത്തിനിടെ 4.4 ശതമാനത്തിലേറെയാണ് നിഫ്റ്റിയിലെ നേട്ടം. നിലവിൽ ഓവർബോട്ട് മേഖലയിലൂടെയാണ് നിഫ്റ്റിയുടെ സഞ്ചാരം. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ വൻകിട ഓഹരികളിലെ വാങ്ങൽ താത്പര്യമാണ് നിഫ്റ്റിയിലെ കുതിപ്പിനുപിന്നിൽ. ന്യായമായ മൂല്യത്തിൽ ഓഹരികൾ ലഭ്യമായത് നിക്ഷേപകരെ ആകർഷിച്ചു. മാസങ്ങളായി വൻകിട ബാങ്കുകളുടെ ഓഹരികളിൽ കാര്യമായ മുന്നേറ്റം പ്രകടമായിരുന്നില്ല.
കാളക്കുതിപ്പ്
ബുള്ളിഷ് പ്രവണതയുള്ളതിനാൽ വരുംദിവസങ്ങളിലും നേട്ടം തുടർന്നേക്കാമെന്ന വിലയിരുത്തലുണ്ട്. അതേസമയം, റീട്ടെയിൽ നിക്ഷേപകരുടെ ലാഭമെടുപ്പിൽ അസ്ഥിരമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഏതായലും വിദേശ നിക്ഷേപകരുടെ ഇടപെടലാണു ശ്രദ്ധേയം. 6,000 കോടിയിലേറെ രൂപ മൂല്യമുള്ള ഓഹരികളാണു തിങ്കളാഴ്ചമാത്രം അവർ വാങ്ങിക്കൂട്ടിയത്.
നിലവിൽ 346.5 ലക്ഷം കോടിയാണു ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഓഹരികളുടെ ആകെ മൂല്യം. കഴിഞ്ഞ സെഷനിൽ ഇത് 343.5 ലക്ഷം കോടിയായിരുന്നു; ഒരു സെഷൻകൊണ്ട് മൂന്നു ലക്ഷം കോടിയുടെ വർധന. വിദേശനിക്ഷേപകരും വാങ്ങലിൽ മോശമായില്ല. ഈ മാസത്തെ രണ്ടു സെഷൻ കൊണ്ട് 15,462 കോടി രൂപയാണ് വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്.
നേട്ടം അദാനിക്ക്
അദാനി ഗ്രൂപ്പ് ഓഹരികൾ വീണ്ടും നേട്ടത്തിലേക്ക്. രണ്ട് വ്യാപാര ദിനങ്ങളിലായി വിപണി മൂല്യത്തിൽ 30 ശതമാനത്തിലേറെ മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായത്. കന്പനികളുടെ മൊത്തം വിപണിമൂല്യം 12.79 ലക്ഷം കോടി പിന്നിട്ടു.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഇതാദ്യമായാണ് മൂല്യം ഇത്രയും ഉയരുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയമാണ് അദാനി ഓഹരികളിൽ പ്രതിഫലിച്ചതെന്നാണു വിലയിരുത്തൽ.