തൊഴിലില്ലായ്മ നിരക്കിൽ ഹിമാചൽപ്രദേശ് ഒന്നാംസ്ഥാനത്ത്
Tuesday, December 5, 2023 1:00 AM IST
ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ ഒന്നാംസ്ഥാനത്ത് ഹിമാചൽപ്രദേശ്. പീരിയോഡിക് ലേബർ ഫോഴ്സ് സർവേയാണ് ഹിമാചൽ പ്രദേശിൽ 33.9 ശതമാനം തൊഴിലില്ലായ്മയാണെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. 30.2 ശതമാനവുമായി രാജസ്ഥാൻ രണ്ടാം സ്ഥാനത്തുണ്ട്.
15-29 പ്രായക്കാർക്കിടയിലാണ് സർവേ നടത്തിയത്. ഹിമാചൽ പ്രദേശിലെ നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മ 25.3 ശതമാനത്തിൽനിന്ന് 49.2 ശതമാനമായി ഉയർന്നു. രാജസ്ഥാനിൽ നഗരങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ 39.4 ശതമാനമായി ഉയർന്നു. പുരുഷന്മാരിൽ ഇത് 27.2 ശതമാനമായിരുന്നു.
ജമ്മു കാഷ്മീരിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ 51.8 ശതമായി ഉയർന്നു. ഗുജറാത്താണ് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുമായി ഒന്നാമത്, 7.1 ശതമാനം. 8.4 ശതമാനവുമായി ഡൽഹിയാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം.
2023 ജൂലൈ-സെപ്റ്റംബർ മാസങ്ങളിലായി 22 സംസ്ഥാനങ്ങളിലാണ് സർവേ നടത്തിയത്.