സൂപ്പറാണ്... മേഡ് ഇൻ കേരള സൂപ്പർ ബൈക്ക്
Sunday, November 19, 2023 1:14 AM IST
കൊച്ചി: സൂപ്പർ ബൈക്കോ...! കേരളത്തിലോ...! അതും ഇലക്ട്രിക്...!! സൂപ്പർ ബൈക്കുകൾ കേരളത്തിൽ നിർമിക്കാനാകുമോയെന്ന സംശയം ഇനി വേണ്ട. അതും സാക്ഷാത്കരിക്കപ്പെട്ടു. പൂർണമായും കേരളത്തിൽ നിർമിച്ച ഇലക്ട്രിക് ബൈക്കും സ്കൂട്ടറും നിരത്തിൽ ഓടിത്തുടങ്ങി.
ലാൻഡി ഇ ഹോഴ്സ് ഇലക്ട്രിക് സൂപ്പർ ബൈക്കും ലാൻഡി ഈഗിൾ ജെറ്റ് സൂപ്പർ സ്കൂട്ടറുമാണ് പൂർണമായും കേരളത്തിൽ നിർമിച്ച ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ. അതിവേഗ ചാർജിംഗ് സംവിധാനമെന്ന സവിശേഷതയോടെയാണു വാഹനം നിരത്തിലെത്തിയത്.
5-15 മിനിറ്റ് അതിവേഗ ചാർജിംഗ് സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ ഇവി ഇരുചക്രവാഹനങ്ങൾ നിരത്തിലിറക്കിയത് സ്റ്റാർട്ടപ്പ് കന്പനിയായ ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്സാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ തിരുവനന്തപുരത്തു നടന്ന സ്റ്റാർട്ടപ്പ് ഉച്ചകോടിയിൽ സംസ്ഥാന ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ ആദ്യ സൂപ്പർ ബൈക്ക് എറണാകുളം സ്വദേശിയായ അഡ്വ. മാത്യു ജോണിന് കൈമാറി വിതരണോദ്ഘാടനം നടത്തി.
അഞ്ചാം തലമുറ എൽടിഒ പവർ ബാങ്കുകളാണ് ലാൻഡി ബൈക്കുകളിൽ ഉപയോഗിക്കുന്നത്. വീടുകളിലും 16 എഎംപി പവർ ലഭ്യമായ എവിടെയും വേഗത്തിൽ റീചാർജ് ചെയ്യാനാകും. കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ഡീലർഷിപ്പ് റീട്ടെയിൽ ഔട്ട്ലറ്റുകളും തമിഴ്നാട്ടിലെ ആറു കേന്ദ്രങ്ങളിൽ ഡീലർഷിപ്പ് നെറ്റ്വർക്കുകളും ഉടൻ ആരംഭിക്കുമെന്ന് കമ്പനി എംഡി ബിജു വർഗീസ് പറഞ്ഞു.
കൊച്ചിയിലെ സ്റ്റാർട്ടപ്പ് കന്പനിയായ ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്സിന്റെ ഫാക്ടറിയിലാണ് ഇലക്ട്രിക് സ്കൂട്ടറുകളുടെയും ബൈക്കുകളുടെയും നിർമാണവും അസംബ്ലിംഗ് ജോലികളും നടക്കുന്നത്. പ്രതിമാസം 850-1500 ബൈക്കുകൾ നിരത്തിലെത്തിക്കാനുള്ള ശേഷി ഫാക്ടറിയിലുണ്ട്.