വർധിക്കുന്ന റോഡ് അപകടങ്ങൾക്കു കാരണം വികല രൂപകല്പന: ഗഡ്കരി
Friday, March 7, 2025 1:33 AM IST
ന്യൂഡൽഹി: രാജ്യത്ത് റോഡ് അപകടങ്ങളും അതുമൂലമുള്ള മരണങ്ങളും വർധിക്കുന്നതിനു കാരണം വികലമായ റോഡ് രൂപകല്പനകളാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
അപകടങ്ങൾക്ക് കാരണം എൻജിനീയർമാരും കൺസൾട്ടന്റുമാരും തയാറാക്കിയ തെറ്റായ ഡിപിആറും (വിശദ പ്രോജക്ട് റിപ്പോർട്ട്) വികലമായ റോഡ് രൂപകല്പനകളുമാണെന്ന് മന്ത്രി പറഞ്ഞു. ഗ്ലോബൽ റോഡ് ഇൻഫ്രാടെക് സമ്മിറ്റ് എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷാ നടപടികൾ അടിയന്തരമായി മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മിക്ക റോഡപകടങ്ങളും സംഭവിക്കുന്നത്, ചെറിയ എൻജിനിയറിംഗ് പിഴവുകളും തെറ്റായ ഡിപിആറുകളും മൂലമാണ്. ഇവയ്ക്ക് ആരും ഉത്തരവാദികളാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റോഡിലെ മുന്നറിയിപ്പ് ബോർഡുകളും അടയാളപ്പെടുത്തലുകളും പോലുള്ള ചെറിയ കാര്യങ്ങൾ വരെ ഇന്ത്യയിൽ വളരെ മോശമാണ്. സ്പെയിൻ, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പഠിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.