സ്വര്‍ണക്കടത്ത് ഇരട്ടക്കൊലപാതകം: മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം
Sunday, April 20, 2025 1:00 AM IST
മംഗളൂരു: 11 വര്‍ഷം മുമ്പ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് രണ്ടു യുവാക്കളെ മംഗളുരുവില്‍ കൊലപ്പെടുത്തിയശേഷം കാസര്ഗോട്ടെത്തിച്ച് കുഴിച്ചിട്ട കേസില്‍ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവ്.
തലശേരി സ്വദേശി നാഫിര്‍ അഹമ്മദ് ജാന്‍ (24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ടി.പി. ഫഹീം (25) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി മുഹമ്മദ് മഹജീര് സനഫ് (36), കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ് (35), മുഹമ്മദ് സഫ്വാന് (34) എന്നിവരെയാണ് മംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതി-ഒന്ന് ജഡ്ജ് എച്ച്.എസ്. മല്ലികാര്‍ജുന്‍ സ്വാമി ശിക്ഷിച്ചത്.
മൂന്നു പ്രതികള്‍ക്കും 65,000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. പിഴ അടയ്ക്കാത്തപക്ഷം 17 മാസം അധികതടവ് അനുഭവിക്കണം.
കൊല്ലപ്പെട്ട നാഫിറിന്റെ മാതാവ് ആയിഷയ്ക്ക് 1.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ദക്ഷിണ കന്നട നിയമസഹായ അഥോറിറ്റിയോട് ജഡ്ജ് ഉത്തരവിട്ടു. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.