ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണ് 11 പേർ മരിച്ചു
Sunday, April 20, 2025 1:00 AM IST
ന്യൂഡൽഹി: നാലുനില കെട്ടിടം തകർന്നുവീണു ഡൽഹിയിൽ 11 പേർ മരിച്ചു. മുസ്തഫാബാദിലെ ശക്തിവിഹാറിൽ ഇന്നലെ പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്.
പലരും കെട്ടിടത്തിനുള്ളിൽ കുടുങ്ങി. 11 പേരെ രക്ഷിച്ചു. ഇതിൽ അഞ്ചു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ആറു പേർ പ്രാഥമിക പരിശോധനയ്ക്കു ശേഷം ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മണൽക്കാറ്റിനും ശക്തമായ മഴയ്ക്കും പിന്നാലെയാണ് ബഹുനില കെട്ടിടം തകർന്നുവീണത്.
ക്രെയ്നുകളും തെർമൽ കാമറകളും ഉപയോഗിച്ച് ഡൽഹി അഗ്നിരക്ഷാ സേന, ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി (ഡിഡിഎംഎ) എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.