ആഫ്രിക്കയിൽനിന്ന് എട്ട് ചീറ്റകൾകൂടിയെത്തും
Sunday, April 20, 2025 1:00 AM IST
ന്യൂഡൽഹി: ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്ന് രണ്ടു ഘട്ടങ്ങളിലായി എട്ട് ചീറ്റകളെക്കൂടി ഇന്ത്യയിലെത്തിക്കും. ദക്ഷിണാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽനിന്ന് നാലെണ്ണത്തിനെ അടുത്ത മാസത്തോടെതന്നെ ഇന്ത്യയിലെത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ‘പ്രൊജക്ട് ചീറ്റ’യുടെ ഭാഗമായാണ് കൂടുതൽ ചീറ്റകൾ രാജ്യത്തെത്തുന്നത്.
മധ്യപ്രദേശിലെ കൂനോ നാഷണൽ പാർക്കിൽ പ്രാഥമികമായി നടപ്പിലാക്കിയ പദ്ധതി വിജയകരമായെന്ന് സർക്കാർ അവകാശപ്പെട്ടതിനു ശേഷമാണ് രാജ്യത്തെ ചീറ്റകളുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെയും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും നേതൃത്വത്തിൽ ചേർന്ന വിശകലന യോഗത്തിനു ശേഷമാണ് ആഫ്രിക്കയിൽനിന്ന് എട്ട് ചീറ്റകളെ കൂടി ഇന്ത്യയിലെത്തിക്കാൻ ലക്ഷ്യമിടുന്നുവെന്ന വാർത്ത മധ്യപ്രദേശ് സർക്കാർ പുറത്തുവിട്ടത്.
ഇതു സംബന്ധിച്ചു കെനിയയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പ്രോജക്ട് ചീറ്റയ്ക്കായി ഇതുവരെ 112 കോടിയാണ് സർക്കാർ ചെലവഴിച്ചിരിക്കുന്നത്. ഇതിൽ 67 ശതമാനവും മധ്യപ്രദേശിലെ ചീറ്റകളുടെ പുനരധിവാസത്തിനായാണ്.
കൂനോ നാഷണൽ പാർക്കിൽ നിലവിൽ 26 ചീറ്റകളുണ്ട്. ഇന്ത്യയിലെത്തിച്ചതിനു ശേഷം നാല് പെണ്ചീറ്റകൾ ജന്മം നൽകിയ 14 കുഞ്ഞുങ്ങളും ഇതിലുൾപ്പെടുന്നു.
കൂനോ നാഷണൽ പാർക്കിലെ ചീറ്റകളിൽ ചിലതിനെ ഘട്ടംഘട്ടമായി മധ്യപ്രദേശ്-രാജസ്ഥാൻ അതിർത്തിയിലുള്ള ഗാന്ധി സാഗർ ഉദ്യാനത്തിലേക്കു മാറ്റാനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.
ഇതിന്റെ ഭാഗമായി രണ്ട് ചീറ്റകളെ ഇന്ന് ഗാന്ധി സാഗറിലേക്ക് മാറ്റും.