മോദി നാളെ സൗദിയിൽ
Sunday, April 20, 2025 1:00 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയും മറ്റന്നാളും സൗദി അറേബ്യ സന്ദർശിക്കും.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം പകുതിയോടെ സൗദി സന്ദർശിക്കുന്നതിനു മുന്നോടിയായുള്ള മോദിയുടെ ജിദ്ദയിലേക്കുള്ള യാത്രയ്ക്കു പ്രാധാന്യമേറെയുണ്ട്. ട്രംപ് രണ്ടാമതും പ്രസിഡന്റായ ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണു സൗദിയിലേക്കു നടത്തുക.
സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി മോദി ജിദ്ദയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജ സഹകരണം, പ്രതിരോധ ബന്ധങ്ങൾ, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (ഐഎംഇഇസി) എന്നിവയ്ക്കു പുറമെ ട്രംപിന്റെ പകരചുങ്കം ഉയർത്തുന്ന പ്രശ്നങ്ങളും പശ്ചിമേഷ്യയിലെ ഇസ്രയേൽ-ഹമാസ്-ഹിസ്ബുള്ള യുദ്ധവും റഷ്യ-യുക്രെയ്ൻ യുദ്ധവുമെല്ലാം ചർച്ചയായേക്കും. ഇറാന്റെ ആണവ പദ്ധതിയും റഷ്യ- യുക്രെയ്ൻ യുദ്ധവും അവസാനിപ്പിക്കുന്നതിനായി അമേരിക്ക ശ്രമിക്കുന്ന സമയത്താണ് മോദിയുടെ സൗദി സന്ദർശനം.
2016നും 2019നും ശേഷം മോദിയുടെ മൂന്നാം ടേമിലെ ആദ്യ സൗദി സന്ദർശനമാണു നാളത്തേത്. ലക്ഷക്കണക്കിനു മലയാളികൾ ഉൾപ്പെടെ ലോകത്തിലെതന്നെ ഏറ്റവുമധികം ഇന്ത്യൻ പ്രവാസികളുള്ള രാജ്യമാണു സൗദി.
സൗദി കിരീടാവകാശിയുമായുള്ള മോദിയുടെ കൂടിക്കാഴ്ച ഇന്ത്യക്ക് പലതരത്തിൽ നിർണായകമാണെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ചൂണ്ടിക്കാട്ടി.
നേരത്തെ രണ്ടു തവണ മോദി സൗദിയും 2019 ഫെബ്രുവരിയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയും സന്ദർശിച്ചതിന്റെ തുടർച്ചയാണ് മോദിയുടെ നാളത്തെ സന്ദർശനം.