ശരിഅത്തിനു പകരം പിന്തുടർച്ചാവകാശ നിയമം പരിഗണിക്കുന്നതു പരിശോധിക്കും
Friday, April 18, 2025 2:56 AM IST
ന്യൂഡൽഹി: പൂർവസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് മുസ്ലിംകൾക്കു തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാതെതന്നെ ഇന്ത്യൻ മതനിരപേക്ഷ പിന്തുടർച്ചാവകാശനിയമം പരിഗണിക്കാൻ കഴിയുമോയെന്നതു പരിശോധിക്കാൻ സുപ്രീംകോടതി.
ഇസ്ലാം വിശ്വാസം കൈവിടാതെതന്നെ ശരിഅത്ത് നിയമത്തിനു പകരം പിന്തുടർച്ചാവകാശനിയമം തനിക്കു ബാധകമാക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി കെ.കെ. നൗഷാദ് നൽകിയ ഹർജിയിലാണ് വിഷയം പരിശോധിക്കാമെന്നു ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്. ഹർജിയിൽ പരമോന്നത കോടതി കേന്ദ്രസർക്കാരിനോടും കേരള സർക്കാരിനോടും പ്രതികരണം തേടിയിട്ടുണ്ട്.
1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിന്റെ സെക്ഷൻ 58 (1) മുസ്ലിംകളെ നിയമത്തിന്റെ പരിധിയിൽനിന്നു വ്യക്തമായി ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിൽ മുസ്ലിം വ്യക്തിനിയമം എന്ന ശരിഅത്ത് നിയമമാണ് ഇസ്ലാം വിശ്വാസികൾ പിന്തുടരുന്നത്.
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ മതപരമായ കുറിപ്പുകളേക്കാൾ മുകളിലാണെന്ന് ഹർജിയിൽ പറയുന്നു. പൗരന്മാർക്കു വിൽപ്പത്രം സ്വതന്ത്രമായി എഴുതുന്നതിന് നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആലപ്പുഴ സ്വദേശിയായ പി.എം. സഫിയയും 2016ൽ ഖുറാൻ സുന്നത് സൊസൈറ്റി എന്ന സംഘടനയും സമാന വിഷയമുയർത്തി നൽകിയ ഹർജികൾ കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജികളെല്ലാം ഒന്നാക്കി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.