എംഡിഎംകെയെ ഞെട്ടിച്ച് വൈക്കോയുടെ മകന്റെ രാജി
Sunday, April 20, 2025 1:00 AM IST
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരുവർഷം മാത്രം അവശേഷിക്കെ തമിഴ്നാട്ടിലെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (എംഡിഎംകെ) ആഭ്യന്തരകലഹം. മുതിർന്ന നേതാവ് മല്ലൈ സത്യയുമായുള്ള ആശയഭിന്നതയെത്തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി ദുരൈ വൈക്കോ അപ്രതീക്ഷതമായി രാജിവച്ചത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ട്രിച്ചിയിൽ നിന്നുള്ള ലോക്സഭാംഗമായ ദുരൈ വൈക്കോ എംഡിഎംകെ ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ വൈക്കോയുടെ മകനാണ്. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ മുന്നണിയിലെ പ്രധാനകക്ഷിയായ എംഡിഎംകെ ദേശീയതലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിക്കൊപ്പമാണ്.
ദുരൈ വൈക്കോയുടെ രാജിവാർത്ത ടെലിവിഷനിലൂടെയാണ് അറിഞ്ഞതെന്നും തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും വൈക്കോ പ്രതികരിച്ചു. ഹെഡ്ക്വാർട്ടേഴ്സ് സെക്രട്ടറിയായി പാർട്ടി പ്രവർത്തനത്തിനു തുടക്കമിട്ട ദുരൈ വൈക്കോയ്ക്കു തൊട്ടുപിന്നാലെ പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു.
ഡിഎംകെ പിളർന്ന ഘട്ടത്തിൽ വൈക്കോയോടൊപ്പംചേർന്ന് പാർട്ടി രൂപീകരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച മുതിർന്ന നേതാവ് മല്ലൈ സത്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്കു കാരണമെന്നു പറയപ്പെടുന്നു.
സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്നും ഇന്നു നടക്കുന്ന സുപ്രധാന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുമെന്നും ദുരൈ വൈക്കോ പറഞ്ഞു. പാർട്ടിയിലെ തന്റെ വളർച്ച തടയാൻ നേതൃത്വത്തിലെ ഒരു സുപ്രധാന വ്യക്തി ശ്രമിക്കുന്നുവെന്ന് മല്ലൈ സത്യയുടെ പേരു പറയാതെ രാജിക്കത്തിൽ ആരോപിക്കുകയും ചെയ്തു.