രാത്രിയിൽ ഒറ്റപ്പെട്ട യുവതിക്ക് ക്രൂരപീഡനം; മൂന്നു പേർ അറസ്റ്റിൽ
Sunday, April 20, 2025 1:00 AM IST
മംഗളൂരു: മംഗളൂരു നഗരത്തിനു സമീപം രാത്രിയിൽ ഒറ്റപ്പെട്ടുപോയ ബംഗാളി യുവതിക്ക് ക്രൂരപീഡനം. യുവതി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറും രണ്ടു സുഹൃത്തുക്കളും ചേർന്നാണ് ലഹരിവസ്തു നല്കി അബോധാവസ്ഥയിലാക്കിയ ശേഷം യുവതിയെ പീഡനത്തിനിരയാക്കിയത്.
യുവതിയെ ഗുരുതരാവസ്ഥയിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ മിഥുൻ, കൂട്ടാളി പ്രഭുരാജ് എന്നിവരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനുവേണ്ടി തെരച്ചിൽ തുടരുന്നു. അബോധാവസ്ഥയിലുള്ള യുവതിയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
തൊഴിൽ തേടി മംഗളൂരുവിലെത്തിയ യുവതി ആൺസുഹൃത്തിനൊപ്പം കാസർഗോഡ് ഉപ്പളയ്ക്ക് സമീപമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ഒറ്റയ്ക്ക് നഗരത്തിലെത്തിയത്.
യുവതി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ ഓട്ടോ ഡ്രൈവർ ഇവരെ ലഹരിവസ്തു നല്കി മയക്കിയശേഷം നേത്രാവതി നദിക്കരയിലെത്തിച്ച് കൂട്ടാളികൾക്കൊപ്പം പീഡനത്തിനിരയാക്കുകയായിരുന്നു. കേരള-കർണാടക അതിർത്തിക്കു സമീപം ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്താണ് അതിക്രമം നടന്നത്.