ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്നയാളെ വിട്ടയച്ചതിൽ രോഷം
Friday, April 18, 2025 2:56 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഒഡീഷയിലെ കുഷ്ഠരോഗികളെ പരിചരിച്ചിരുന്ന ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ശിക്ഷാ കാലാവധി തീരുന്നതിനുമുന്പേ ജയിലിൽനിന്നു വിട്ടയച്ചതിൽ രാജ്യവ്യാപക രോഷം.
കേസിലെ മുഖ്യപ്രതിയും ബജ്രംഗ്ദൾ പ്രവർത്തകനുമായ ദാരാ സിംഗിനെയും പ്രധാന കൂട്ടാളിയായ ഹെംബ്രാമിനെയും മോചിപ്പിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്തയുടൻ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ തുടർച്ചയാണു കൊലയാളിയുടെ മോചനമെന്നും കോണ്‍ഗ്രസും ബിജെഡിയും ആരോപിച്ചു.
ഒഡീഷയിൽ ബിജെപി മന്ത്രിസഭ അധികാരത്തിലെത്തിയതു മുതൽ ഗ്രഹാം സ്റ്റെയിൻസിന്റെ കൊലയാളികളെ മോചിപ്പിക്കാൻ നടത്തിയ ശ്രമങ്ങളാണു വിജയം കണ്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. "ഞങ്ങൾക്കിതൊരു നല്ല ദിവസമാണ്. സർക്കാരിന്റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു’- വിഎച്ച്പി ജോയിന്റ് സെക്രട്ടറി കേദാർ ദാഷ് പറഞ്ഞു.
1999 ജനുവരിയിൽ ജീപ്പിൽ കിടന്നുറങ്ങുകയായിരുന്ന 58കാരനായ ഗ്രഹാം സ്റ്റെയിൻസിനെയും പത്തും ആറും വയസുള്ള ആണ്മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും ജീവനോടെ ചുട്ടുകൊന്നതിൽ പങ്കാളിയാകുന്പോൾ 25 വയസുണ്ടായിരുന്ന ഹെംബ്രാമിന് ഇപ്പോൾ 50 വയസുണ്ട്. നീചനായ കൊലപാതകിയെ വിട്ടയച്ച നടപടി ഇന്ത്യൻ നീതിക്കുമേലുള്ള തീരാക്കളങ്കമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ മാണിക്കം ടാഗോർ പറഞ്ഞു.
ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ടു കുഞ്ഞുങ്ങളെയും ജീവനോടെ ചുട്ടെരിച്ച വെറുക്കപ്പെട്ട കൊലയാളി ഇപ്പോൾ സ്വതന്ത്രനായി നടക്കുന്നു. മഹേന്ദ്ര ഹെംബ്രാമിന്റെ മോചനം സംഘികൾക്ക് ഒരു ആഘോഷമാണ്. പക്ഷേ ഇന്ത്യൻ നീതിക്കുമേലുള്ള കറുത്ത കളങ്കമാണ്. ഇതെന്തു സന്ദേശമാണു നൽകുന്നതെന്ന് ടാഗോർ എക്സിൽ ചോദിച്ചു.
ഹെംബ്രാമിനെ ജയിലിൽനിന്നു മോചിപ്പിച്ച വാർത്ത ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ജയിലിൽനിന്നു പുറത്തിറങ്ങിയ കൊലയാളിയെ ജയിൽ ഉദ്യോഗസ്ഥർ ചേർന്നു മാലയിട്ടു യാത്രയാക്കുന്ന ഫോട്ടോയും ദേശീയമാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിച്ചിരുന്നു. ഒഡീഷ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യം പരിഗണിച്ചാണു കൊലക്കേസ് പ്രതിക്കു മാലയിട്ട് യാത്രയയപ്പ് നൽകിയതെന്നു റിപ്പോർട്ടുകളുണ്ട്.
ഹെംബ്രാമിനെ മാത്രം മോചിപ്പിച്ചതിൽ ദുരൂഹത
സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസിൽ ജീവപരന്ത്യം തടവിനു ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി ദാരാ സിംഗ് എന്നു വിളിക്കുന്ന രബീന്ദ്ര പാൽ സിംഗിനെ മോചിപ്പിക്കണമെന്ന അപേക്ഷയിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതി ഒഡീഷ സർക്കാരിനു നിർദേശം നൽകിയിരുന്നു.
ദാരാ സിംഗിന്റെ മോചനത്തിനായുള്ള ഹർജിയുടെ മറവിൽ സഹകുറ്റവാളിയായ ഹെം ബ്രാമിനെ മാത്രം മോചിപ്പിച്ചതും ജയിലധികൃതർ തന്നെ മാലയിട്ടു യാത്രയാക്കിയും ദുരൂഹമാണ്.
ഒഡീഷയിൽ ബിജെപി സർക്കാർ അധികാരമേറ്റതിനെത്തുടർന്ന് ദാരാ സിംഗിന്റെ മോചനത്തിനായി ഹർജി പെട്ടെന്ന് ഉയർന്നുവന്നതുതന്നെ കള്ളക്കളി വ്യക്തമാക്കുന്നതാണെന്ന് ബിജെഡി മുൻ എംഎൽഎ രാജ്കിഷോർ ദാസ് പറഞ്ഞു.
ഹർജി നൽകിയ സമയം സംശയാസ്പദമാണ്. വർഷങ്ങളോളം ദാര ജയിലിലായിരുന്നപ്പോൾ അത്തരം നീക്കമൊന്നും ഉണ്ടായിരുന്നില്ല. പുതിയ ബിജെപി സർക്കാർ കൊലയാളികളോട് അനുഭാവം പുലർത്തുന്നതിനാൽ അനുകൂല പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണു ഹർജി നൽകിയതെന്നതും ഇപ്പോൾ തിടുക്കത്തിൽ ഹെംബ്രാമിനെ മോചിപ്പിച്ചതും സംശയം ജനിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജയിൽമോചനത്തിനായുള്ള ഹർജി നൽകിയ സമയം മുതലുള്ള നടപടികൾ തീർച്ചയായും സംശയാസ്പദമാണെന്ന് ഒഡീഷയിലെ കോണ്‍ഗ്രസ് എംഎൽഎ താര പ്രസാദ് വഹ്നിപതിയും അഭിപ്രായപ്പെട്ടു.
ദാരാ സിംഗിന്റെയും ഹെംബ്രാമിന്റെയും മോചനം ആവശ്യപ്പെട്ട് 2022 സെപ്റ്റംബറിൽ ആർഎസ്എസ് ആഭിമുഖ്യമുള്ള സുദർശൻ ടിവി എഡിറ്റർ സുരേഷ് ചാവ്ഹാങ്കെയ്ക്കൊപ്പം കിയോഞ്ജറിലെ ജയിലിനുമുന്നിൽ നടത്തിയ ധർണയിൽ കിയോഞ്ജറിന്റെ എംഎൽഎയും ഇപ്പോൾ മുഖ്യമന്ത്രിയുമായ മോഹൻ ചരണ്‍ മാജി പങ്കെടുത്തത് വിവാദമായിരുന്നു.
ഹീനകൊലപാതകം നടത്തിയ പ്രതികൾക്കായി ആർഎസ്എസുകാരനായ ബിജെപി നേതാവ് മാജി ധർണ നടത്തുന്ന ഫോട്ടോകൾ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വിമർശനമുയർത്തുകയും ചെയ്തിരുന്നു.
ലോകത്തെ നടുക്കിയ ഹീനകൃത്യം
ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലുള്ള മനോഹർപുർ ഗ്രാമത്തിൽ 1999 ജനുവരിയിലായിരുന്നു ലോകത്തെയാകെ നടുക്കിയ ഹീനമായ കൊലപാതകം നടന്നത്. കുഷ്ഠരോഗികൾക്കായുള്ള ക്യാന്പിനുശേഷം രണ്ടു മക്കളോടൊപ്പം ജീപ്പിൽ കിടന്നുറങ്ങുകയായിരുന്ന സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു.
ജയ് ബജ്രംഗ് ബലി, ദാരാ സിംഗ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയെത്തിയ ദാരാ സിംഗിന്റെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടമായിരുന്നു ആക്രമണം നടത്തിയത്.
ദാരാ സിംഗിന് വധശിക്ഷയും ഹെംബ്രാം അടക്കമുള്ളവ 12 പേർക്കു ജീവപര്യന്തവുമായിരുന്നു വിചാരണക്കോടതി ശിക്ഷിച്ചത്. ദാരാസിംഗിന്റെ വധശിക്ഷ 2005ൽ ഒഡീഷ ഹൈക്കോടതി ജീവപര്യന്തമാക്കിയത് 2011ൽ സുപ്രീംകോടതി ശരിവച്ചു.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 51 പേരെ അറസ്റ്റ് ചെയ്തതിൽ 37 പേരെ മൂന്നു വർഷത്തിനുള്ളിൽ കുറ്റവിമുക്തരാക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ കോടതിയിൽ വിചാരണ ചെയ്തു.