വഖഫ് ഭേദഗതി നിയമം: മറുപടി നൽകാൻ ഒരാഴ്ച; തത്സ്ഥിതി തുടരും
Friday, April 18, 2025 2:56 AM IST
സനു സിറിയക്
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളിൽ അടുത്ത വാദം കേൾക്കുന്നതുവരെ കോടതികൾ മുഖേനയോ രജിസ്ട്രേഷനിലൂടെയോ വഖഫായി പ്രഖ്യാപിച്ച വസ്തുക്കൾ അതേപടി നിലനിർത്തുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ ഉറപ്പു നൽകി.
കേസ് ഇനി പരിഗണിക്കുന്ന മേയ് അഞ്ചിനു മുന്പായി വഖഫ് കൗണ്സിലുകളിലേക്കോ വഖഫ് ബോർഡുകളിലേക്കോ നിയമനങ്ങൾ നടത്തില്ലെന്നും ഏതെങ്കിലും സംസ്ഥാനം നിയമനം നടത്തിയാൽ അത് അസാധുവാക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കേന്ദ്രസർക്കാർ നൽകിയ ഉറപ്പ് കോടതി ഇടക്കാല ഉത്തരവിൽ രേഖപ്പെടുത്തി. അടുത്ത ഉത്തരവ് വരെയും വഖഫ് ചെയ്യപ്പെട്ട വസ്തുക്കളിൽ നിലവിലെ സ്ഥിതി തുടരും. നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് ഒരാഴ്ചത്തെ സമയവും ഇന്നലെ കോടതി അനുവദിച്ചു.
വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ ബുധനാഴ്ച ആരംഭിച്ച വാദത്തിന്റെ തുടർച്ചയായാണ് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ നടന്നത്.
നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തേക്കുമെന്ന കോടതിയുടെ മുൻ സൂചനയുടെ അടിസ്ഥാനത്തിൽ അത്തരമൊരു നടപടി കഠിനമായിരിക്കുമെന്ന് വാദം ആരംഭിച്ചുകൊണ്ട് തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
എന്നാൽ, സ്റ്റേ നടപടികളിലേക്കു കടക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, പാർലമെന്റ് പാസാക്കിയ ഒരു നിയമം സ്റ്റേ ചെയ്യുന്നത് അപൂർവമാണെന്നും എന്നാൽ, നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തില്ലെങ്കിൽ സ്ഥിതിഗതികൾ മാറാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
നിലവിലെ ഭേദഗതി ഹർജിക്കാരുടെ അവകാശങ്ങളെ ബാധിക്കുന്ന തരത്തിലേക്കു നീങ്ങുന്നത് കോടതി ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ഒരു വസ്തു വഖഫായി പ്രഖ്യാപിക്കാൻ അഞ്ചുവർഷം ഇസ്ലാം മതം ആചരിക്കണമെന്നതടക്കമുള്ള വ്യവസ്ഥകളോട് കോടതി അതൃപ്തി അറിയിച്ചു.
കഴിഞ്ഞ സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകളിൽ ആശങ്കയുണ്ടെന്നു ചൂണ്ടിക്കാട്ടി ബുധനാഴ്ച ഇടക്കാല ഉത്തരവിന് സുപ്രീംകോടതി നീങ്ങിയെങ്കിലും കേന്ദ്രം വാദത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കൂടുതൽ വാദം കേൾക്കുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
പരിഗണിക്കുന്നത് അഞ്ച് ഹർജികൾ
വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇനി വാദം കേൾക്കുന്പോൾ ഹർജിക്കാരുടെ അഭിഭാഷകരിൽ അഞ്ചുപേരുടെ വാദം മാത്രമേ കേൾക്കൂ എന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കി.
ഹർജിക്കാരുടെ അഭിഭാഷകരിൽ അഞ്ചു പേർ മാത്രമേ അടുത്ത തവണ വാദം കേൾക്കുന്പോൾ കോടതിയിൽ ഹാജരാകാവൂ എന്നും കോടതി നിർദേശിച്ചു. അഞ്ചുപേരിൽ ആരെ കേൾക്കണമെന്ന് ഹർജിക്കാർക്കു തീരുമാനിക്കാം.
മറ്റ് അഞ്ച് ഹർജികൾ അപേക്ഷകളായി കണക്കാക്കുകയും തീർപ്പാക്കുകയും ചെയ്യും. കേസ് ഇനിമുതൽ വഖഫ് ഭേദഗതി നിയമം എന്ന് അറിയപ്പെടുമെന്നും വ്യക്തികളുടെ പേരിൽ അറിയപ്പെടില്ലെന്നും കോടതി വ്യക്തമാക്കി. നിലവിൽ വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത എഴുപതോളം ഹർജികളാണ് കോടതിക്കുമുന്നിലുള്ളത്.