ബിജെഡിയെ നയിക്കാൻ ഒന്പതാം തവണയും നവീൻ പട്നായിക്
Sunday, April 20, 2025 1:00 AM IST
ഭൂവനേശ്വർ: ബിജു ജനതാദൾ (ബിജെഡി) അധ്യക്ഷനായി ഒഡിഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായികിനെ തെരഞ്ഞെടുത്തു.
പാർട്ടി ആസ്ഥാനമായ ശംഖ ഭവനിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗമാണ് 78കാരനായ പട്നായികിനെ ഒന്പതാം തവണയും ബിജെഡിയുടെ ഉന്നതസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
355 അംഗ സ്റ്റേറ്റ് കൗൺസിലിനെയും 80 അംഗ സ്റ്റേറ്റ് എക്സിക്യുട്ടീവിനെയും തെരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസർ പി.കെ. ദേബ് അറിയിച്ചു. ബിജെപിയുടെ വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നു തെരഞ്ഞെടുപ്പിനുശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത ബിജു പട്നായിക് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുവിഹിതം ലഭിച്ചുവെങ്കിലും ഭരണം നഷ്ടമായി. ബിജെപി സൃഷ്ടിച്ച വ്യാജ പ്രചാരണമായിരുന്നു ഇതിനു കാരണം. സമൂഹമാധ്യമങ്ങളിലുൾപ്പെടെ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന ആഹ്വാനം പ്രവർത്തകർക്കു നൽകുകയും ചെയ്തു.