ജുഡീഷറിക്കെതിരേ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി
Friday, April 18, 2025 2:56 AM IST
ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കു പിന്നാലെ ജുഡീഷറിക്കെതിരേ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ.
സുപ്രീംകോടതിക്ക് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 142നെ "ആഴ്ചയിലെ 24 മണിക്കൂറും ജുഡീഷറിക്കു ലഭ്യമാകുന്ന ജനാധിപത്യശക്തികൾക്കെതിരായ ആണവ മിസൈൽ’എന്നാണു ധൻകർ വിശേഷിപ്പിച്ചത്.
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വസതിയിൽനിന്നു പണം കണ്ടെത്തിയ സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്താത്തതിനെതിരേയും ഉപരാഷ്ട്രപതി കടുത്ത വിമർശനമുയർത്തി.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് മൂന്നു മാസം സമയപരിധി നിശ്ചയിച്ച വിധിയെ പരാമർശിച്ച് കോടതികൾ രാഷ്ട്രപതിക്ക് ഉത്തരവിടുന്ന സ്ഥിതിയുണ്ടാകാൻ പാടില്ലെന്നു ധൻകർ പറഞ്ഞു.
ജഡ്ജിമാർ തന്നെ നിയമനിർമാണവും നിയമനിർവഹണവും നടത്തുകയാണെന്നും അവർതന്നെ സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയാണെന്നും ധൻകർ വിമർശിച്ചു.
എന്തടിസ്ഥാനത്തിലാണു രാഷ്ട്രപതിക്ക് കോടതി ഉത്തരവിടുന്നത്. ഭരണഘടനയ്ക്കു കീഴിൽ കോടതികൾക്കുള്ള ഒരേയൊരു അവകാശം ആർട്ടിക്കിൾ 145 (3) പ്രകാരം ഭരണഘടന വ്യാഖ്യാനം നടത്തുക എന്നതു മാത്രമാണെന്നും ധൻകർ പറഞ്ഞു.
ജഡ്ജിയുടെ വീട്ടിൽനിന്നു പണം കണ്ടെത്തിയ സംഭവം നടന്ന മാർച്ച് 14നുശേഷം ഏഴു ദിവസത്തേക്ക് പണം കണ്ടെത്തിയത് ആരുമറിഞ്ഞില്ല. ഇതുവരെ എഫ്ഐആർ രേഖപ്പെടുത്തിയിട്ടില്ലെന്നും ധൻകർ പറഞ്ഞു.