ബംഗ്ലാദേശിലെ ഹിന്ദു നേതാവിന്റെ കൊലപാതകത്തെ അപലപിച്ച് ഇന്ത്യ
Sunday, April 20, 2025 1:00 AM IST
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ന്യൂനപക്ഷ മതവിഭാഗങ്ങളെ സംരക്ഷിക്കാൻ പരാജയപ്പെടുന്നുവെന്ന് ആരോപിച്ച വിദേശകാര്യമന്ത്രാലയം സംഭവത്തെ ഹിന്ദു സമൂഹങ്ങൾക്കെതിരേയുള്ള വ്യവസ്ഥാപിതമായ പീഡന പരന്പരയുടെ ഭാഗം എന്നാണ് വിശേഷിപ്പിച്ചത്.
വേർതിരിവ് പ്രകടിപ്പിക്കാതെയും ഒഴികഴിവുകൾ കണ്ടെത്താതെയും രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനുണ്ടെന്നും കേന്ദ്രം ഓർമിപ്പിച്ചു.
വടക്കൻ ബംഗ്ലാദേശിലെ ബിറാൽ ജില്ലയിലുള്ള പ്രമുഖ ഹിന്ദു നേതാവ് ബബേഷ് ചന്ദ്ര റോയിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയത്.
രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ബബേഷിനെ കൊലപ്പെടുത്തിയതെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുന്‍പ് നടന്ന അക്രമങ്ങളിലെ കുറ്റവാളികൾ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു.
ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ വഖഫ് നിയമഭേദഗതിക്കെതിരെയുണ്ടായ പ്രതിഷേധങ്ങൾക്കിടെ മുസ്ലിംകൾക്കു നേരേ ആക്രമണമുണ്ടായതിൽ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൾ അലം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരേ ഇന്ത്യ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.