നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
Friday, April 18, 2025 2:56 AM IST
ന്യൂഡൽഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
എല്ലാ കേസും സിബിഐക്കു വിടാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റീസുമാരായ സുധാൻഷു ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.
നിലവിലെ അന്വേഷണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സമാന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഏക പ്രതിയായുള്ള കേസിൽ 400 ലധികം പേജുള്ള കുറ്റപത്രം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്.