ക്ഷേത്രങ്ങളുടെ സ്വർണം ഉരുക്കി കട്ടിയാക്കി നിക്ഷേപിച്ചു; പലിശ മാത്രം 17.81 കോടി!
Friday, April 18, 2025 2:56 AM IST
ചെന്നൈ: തമിഴ്നാട്ടിലെ 21 ക്ഷേത്രങ്ങളിൽ ഭക്തർ ദാനം ചെയ്തതും ഉപയോഗമില്ലാതെ കിടന്നിരുന്നതുമായ 1,000 കിലോഗ്രാം സ്വർണം സംസ്ഥാന സർക്കാർ ഉരുക്കി 24 കാരറ്റ് സർണക്കട്ടികളാക്കി മാറ്റി ബാങ്കുകളിൽ നിക്ഷേപിച്ചു.
ഈ നിക്ഷേപത്തിനു വർഷം തോറും 17.81 കോടി പലിശ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ തുക ക്ഷേത്രങ്ങളുടെ വികസനത്തിനായി ഉപയോഗിക്കുമെന്നു നിയമസഭയിൽ മന്ത്രി പി.കെ. ശേഖർ ബാബു സമർപ്പിച്ച രേഖകളിൽ പറയുന്നു.
ഈ പദ്ധതിയുടെ മേൽനോട്ടത്തിനായി വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ മൂന്നു കമ്മിറ്റികൾ രൂപവത്കരിച്ചു. 1, 781.25 ലക്ഷം രൂപ പലിശയിനത്തിൽ ലഭിച്ചുവെന്നും തിരുച്ചിറപ്പള്ളി ജില്ലയിലെ സമയപുരത്തുള്ള അരുൾമിഗു മാരിയമ്മൻ ക്ഷേത്രമാണ് കൂടുതൽ സ്വർണം സംഭാവന ചെയ്തതെന്നും നിയമസഭയിൽ സമർപ്പിച്ച ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ഡിപ്പാർട്ട്മെന്റിന്റെ നയക്കുറിപ്പിൽ പറയുന്നുണ്ട്.