വനം ഭൂരേഖ: കടുപ്പിച്ച് സുപ്രീംകോടതി
Thursday, March 6, 2025 2:52 AM IST
ന്യൂഡൽഹി: വനപ്രദേശങ്ങൾ തിരിച്ചറിയുന്നതിനായി വിദഗ്ധ സമിതികൾ രൂപീകരിക്കണമെന്ന മുൻനിർദേശം പാലിക്കാത്തതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതിയുടെ വിമർശനം.
ഒരു മാസത്തിനുള്ളിൽ വനപ്രദേശം, കമ്യൂണിറ്റി വനം എന്നിവയുടെ വിശദമായ രൂപരേഖ തയാറാക്കുന്നതിനുള്ള വിദഗ്ധ സമിതി രൂപീകരിച്ച് ആറു മാസത്തിനുള്ളിൽ രൂപരേഖ തയാറാക്കിയില്ലെങ്കിൽ അതത് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരും അഡ്മിനിസ്ട്രേറ്റർമാരും വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാനും ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എ.ജി. മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും കേന്ദ്രസർക്കാരിനാണു റിപ്പോർട്ട് സമർപ്പിക്കേണ്ടത്. കേന്ദ്രസർക്കാർ ഇവ ഏകീകരിച്ച് കോടതിക്കു സമർപ്പിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. 2023ലെ വനസംരക്ഷണ നിയമത്തിലെ ചില ഭേദഗതികൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം റിട്ട് ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
വിദഗ്ധസമിതികൾ തിരിച്ചറിഞ്ഞ വനംപോലുള്ള പ്രദേശങ്ങൾ ഉൾപ്പെടെയുള്ള ഭൂമിയുടെ ഏകീകൃത രേഖ തയാറാക്കണമെന്ന വനനിയമത്തിലെ ചട്ടം 16 (1) നടപ്പാക്കിയാൽത്തന്നെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകുമെന്ന് ഹർജി പരിഗണിക്കവേ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, 2023ലെ വന നിയമ പ്രകാരം സർക്കാർ രേഖകളിൽ വനമായി രേഖപ്പെടുത്തിയിരിക്കുന്ന ഭൂമി തിരിച്ചറിയുന്ന നടപടിക്രമങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഫെബ്രുവരി രണ്ടിന് കേസ് പരിഗണിച്ചപ്പോൾ രാജ്യത്തു വനവിസ്തൃതി കുറയുന്നതിന് കാരണമാകുന്ന പ്രവർത്തനങ്ങളിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സുപ്രീംകോടതി വിലക്കിയിരുന്നു.
കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ വനഭൂമി കുറയ്ക്കുന്നതിന് കാരണമാകുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന ഇടക്കാല ഉത്തരവും ബെഞ്ച് അന്ന് പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യങ്ങൾക്കായി വനഭൂമി ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ പോലും വനവത്കരണത്തിന് ബദൽ ഭൂമി നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.