പൊതു ഇടങ്ങളിൽ മുലയൂട്ടുന്നതിൽ അപമാനിക്കപ്പെടരുത്: സുപ്രീംകോടതി
Wednesday, March 5, 2025 2:52 AM IST
ന്യൂഡൽഹി: പൊതു ഇടങ്ങളിൽ അമ്മമാർക്ക് കുട്ടികളെ മുലയൂട്ടുന്നതിന് ഫീഡിംഗ് റൂം അടക്കം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരുകൾ ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി.
ആസൂത്രണത്തിന്റെയും നിർമാണത്തിന്റെയും ഘട്ടത്തിലിരിക്കുന്ന പൊതു കെട്ടിടങ്ങൾക്ക് കുട്ടികളുടെ സംരക്ഷണം, നഴ്സിംഗ് റൂമുകൾ, ഫീഡിംഗ് റൂമുകൾ തുടങ്ങിയവയ്ക്ക് ആവശ്യമായ സ്ഥലം നീക്കിവച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
നിലവിലുള്ള പൊതു ഇടങ്ങളിൽ കഴിയുന്നിടത്തോളം ഈ സൗകര്യങ്ങൾ ഉറപ്പാക്കണം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ശിശു സംരക്ഷണം, ഭക്ഷണം നൽകൽ, മുലയൂട്ടൽ എന്നിവയ്ക്കായി പ്രത്യേക മുറികൾ സജ്ജീകരിക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര സർക്കാരിന് അധിക ഉപദേശം നൽകാമെന്നും കോടതി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിൽ ശിശുക്കൾക്കും അമ്മമാർക്കും ആവശ്യമായ ഫീഡിംഗ് റൂമുകളും ചൈൽഡ് കെയർ റൂമുകളും അല്ലെങ്കിൽ മറ്റേതെങ്കിലും സൗകര്യങ്ങളും നിർമിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരുകൾക്ക് നിർദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ അവ്യാൻ ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റീസുമാരായ ബി.വി. നഗരത്ന, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
മുലയൂട്ടൽ ഒരു സ്ത്രീയുടെ പ്രത്യുത്പാദന പ്രക്രിയയുടെ അവിഭാജ്യ ഘടകമാണെന്നും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും അത് അത്യന്താപേക്ഷിതമാണെന്നും കോടതി നിരീക്ഷിച്ചു.
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മുലയൂട്ടൽ രീതി കളങ്കപ്പെടുത്തുന്നില്ലെന്ന് പൗരന്മാർ ഉറപ്പാക്കണം. ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ(ഇ)ൽ വ്യക്തമാക്കിയിരിക്കുന്നത് പോലെ, സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്ന ആചാരങ്ങൾ ഉപേക്ഷിക്കാനുള്ള കടമയെക്കുറിച്ച് ഈ രാജ്യത്തെ പൗരന്മാരെ ഓർമിപ്പിക്കുന്നത് ഈ അവസരത്തിൽ തെറ്റല്ലെന്ന് ബെഞ്ച് പറഞ്ഞു.
ലിംഗസൗഹൃദ ജോലിസ്ഥലങ്ങൾ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു. ജോലിസ്ഥലങ്ങളിലും പൊതു സ്ഥാപനങ്ങളിലും ഭക്ഷണം നൽകുന്ന മുറികൾക്കും കുട്ടികളെ പരിപാലിക്കുന്നതിനായി ക്രഷുകൾക്കും സ്ഥലം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങൾ നിർദേശത്തിൽ ഉൾപ്പെട്ടിരുന്നു.
ഇക്കാര്യങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരുകൾളെ ഓർമപ്പെടുത്താനും കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നൽകണമെന്നും ബെഞ്ച് വ്യക്തമാക്കി.