ചിതാഭസ്മ നിമജ്ജനത്തിൽ പങ്കെടുക്കാത്തത് സ്വകാര്യത മാനിച്ച്: കോൺഗ്രസ്
Tuesday, December 31, 2024 1:10 AM IST
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ചിതാഭസ്മ നിമജ്ജനത്തിൽ പങ്കെടുക്കാതിരുന്നത് കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണെന്ന് കോണ്ഗ്രസ്.
ഞായറാഴ്ച യമുനാ നദിയിൽ മൻമോഹൻ സിംഗിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ കോണ്ഗ്രസ് നേതാക്കളാരും പങ്കെടുത്തില്ലെന്ന് ബിജെപി ആരോപിച്ചതിനു പിന്നാലെയാണ് വിശദീകരണവുമായി കോണ്ഗ്രസ് രംഗത്തെത്തിയത്.
ചിതാഭസ്മ നിമജ്ജനത്തിൽ പങ്കെടുത്തില്ലെങ്കിലും സംസ്കാര ശുശ്രൂഷകൾക്കുശേഷം മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൻമോഹൻ സിംഗിന്റെ കുടുംബത്തെ അവരുടെ വസതിയിലെത്തി കണ്ടിരുന്നുവെന്ന് കോണ്ഗ്രസ് ദേശീയ വക്താവ് പവൻ ഖേര വ്യക്തമാക്കി.
സംസ്കാരച്ചടങ്ങിൽ കുടുംബത്തിന് സ്വകാര്യത ലഭിക്കാത്തതിനാലും ഒരുപാട് കുടുംബാംഗങ്ങൾക്ക് ചിതയൊരുക്കിയ സ്ഥലത്തിനരികിലേക്ക് എത്തിപ്പെടാൻ കഴിയാത്തതിനാലും ചിതാഭസ്മ നിമജ്ജനത്തിൽ മനഃപൂർവം മാറിനിൽക്കുകയായിരുന്നുവെന്ന് പവൻ ഖേര ചൂണ്ടിക്കാട്ടി.
മൻമോഹൻ സിംഗിന്റെ അന്തിമോപചാരങ്ങൾ നിഗംബോധ്ഘട്ടിലെ പൊതുശ്മശാനത്തിൽ നടത്തി ബിജെപി അനാദരവ് കാട്ടി. നിഗംബോധ്ഘട്ടിൽവച്ച് ഒരു പ്രധാനമന്ത്രിയുടെയും സംസ്കാരം നടത്തിയിട്ടില്ല.
സർക്കാരിന്റെ ഈ മനോഭാവം സിഖ് സമൂഹത്തിനെതിരേയാണോ കോണ്ഗ്രസിനെതിരേയാണോ അതോ മൻമോഹൻ സിംഗിനെതിരേയാണോയെന്നും പവൻ ഖേര ചോദിച്ചു.