ബംഗളൂരുവിൽ വീണ്ടും ടെക്കി ജീവനൊടുക്കി, ഭാര്യക്കെതിരേ ആരോപണവുമായി കുടുംബം
Friday, January 3, 2025 2:31 AM IST
ബംഗളൂരു: ബംഗളൂരുവില്‍ മറ്റൊരു ടെക്കിയെക്കൂടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗളൂരുവിൽ ബെൻസ് കന്പനിയുടെ ഐടി വിഭാഗത്തിൽ ജോലിചെയ്യുന്ന പ്രമോദ് (35) ആണു മരിച്ചത്. ഭാര്യയുടെ പീഡനത്തെത്തുടർന്നാണ് പ്രമോദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
ഇന്ദിരാനഗറിൽ താമസിക്കുന്ന പ്രമോദ് കഴിഞ്ഞ 29 ന് ഫോണ്‍ ഉപേക്ഷിച്ച് വീട്ടില്‍നിന്നു പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. പോലീസ് നടത്തിവന്ന അന്വേഷണത്തിനിടെ ഹാസൻ ജില്ലയിലെ ഹേമാവതി നദിക്കു സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കാർ കണ്ടെത്തി. തുടർന്നു നടത്തിയ തെരച്ചിലിൽ ബുധനാഴ്ച രാവിലെ പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോരുഷെട്ടിഹള്ളിക്കു സമീപം ഹേമാവതി നദിയില്‍ ചാടി പ്രമോദ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പ്രമോദിന്റെ മൃതദേഹം തിരിച്ചറിയാൻ ഭാര്യ കുഞ്ഞിനും കുടുംബത്തിനുമൊപ്പം എത്തിയിരുന്നു. എന്നാല്‍, ഭാര്യയെയും കുടുംബത്തെയും പ്രമോദിന്റെ കുടുംബം തടഞ്ഞു. പോലീസ് എത്തിയാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞമാസം ഒന്‍പതിന് ബംഗളൂരുവിലെ ഐടി കന്പനിയിൽ ജോലി ചെയ്തിരുന്ന അതുല്‍ സുഭാഷ് എന്ന യുവാവ് വിവാഹമോചനത്തിന് ഭാര്യ മൂന്നു കോടി രൂപ ആവശ്യപ്പെട്ടതിനെത്തുടർന്ന് ആത്മഹത്യ ചെയ്തതു വിവാദമായിരുന്നു.
ഭാര്യ നിഖിതയ്ക്കെതിരേ ഗുരുതര ആരോപണവുമായി ഇയാൾ തയാറാക്കിയ 90 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും 40 പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.