തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമം; മോഹൻ ഭാഗവതിന് കത്തെഴുതി കേജരിവാൾ
Thursday, January 2, 2025 2:56 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമം നടത്തുന്നുവെന്നാരോപിച്ച് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന് ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാളിന്റെ കത്ത്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നേതാക്കൾ വോട്ടർമാരെ പണം കൊടുത്തു സ്വാധീനിക്കുന്നതിനെക്കുറിച്ചും വോട്ടർ പട്ടികയിലെ കൃത്രിമത്തെക്കുറിച്ചും കത്തിൽ ആരോപിക്കുന്നുണ്ട്. ബിജെപി നേതാക്കൾ ചെയ്യുന്ന തെറ്റിനെ ആർഎസ്എസ് പിന്തുണയ്ക്കുന്നുണ്ടോയെന്നും കേജരിവാൾ ഭാഗവതിനോട് ചോദിച്ചു.
വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ബിജെപി നേതാക്കൾ വ്യാപകമായി പണം നൽകുകയാണ്. പിന്നാക്ക ജാതിയിൽപ്പെട്ടവരുടെ പേരുകൾ ധാരാളമായി വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നു.
ആർഎസ്എസ് ഇതിനെല്ലാം പിന്തുണ നൽകുന്നുണ്ടോ? ജനാധിപത്യത്തിന് ഇതാണു ശരിയെന്ന് ആർഎസ്എസ് കരുതുന്നുണ്ടോ? ബിജെപി ജനാധിപത്യത്തെ തകർക്കുകയാണെന്ന് ആർഎസ്എസിനു ബോധ്യമില്ലേയെന്നും കേജരിവാൾ ആർഎസ്എസ് അധ്യക്ഷനോട് കത്തിൽ ചോദിച്ചു.
രോഹിങ്ക്യൻ അഭയാർഥികൾക്കും ബംഗ്ലാദേശിലെ അനധികൃത കുടിയേറ്റക്കാർക്കും കേജരിവാൾ ഡൽഹിയിൽ അഭയം നൽകി വോട്ടുബാങ്കാക്കി മാറ്റുന്നുവെന്ന് ആരോപിച്ചാണു ബിജെപി തിരിച്ചടിച്ചത്.
പുതുവർഷത്തിൽ പുതിയ തീരുമാനങ്ങളെടുക്കുന്നതിന്റെ ഭാഗമായി കേജരിവാൾ കള്ളങ്ങൾ പറയുന്നത് അവസാനിപ്പിക്കണമെന്നും അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ കേജരിവാളിന് കത്തെഴുതി.
കേജരിവാൾ ഡൽഹിയിൽ മദ്യം പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും രാജ്യവിരുദ്ധ ശക്തികളിൽനിന്നു സംഭാവനകൾ സ്വീകരിക്കുന്നത് നിർത്തണമെന്നും സച്ച്ദേവ കത്തിൽ ആവശ്യപ്പെട്ടു.