മണിപ്പുരിൽ കുക്കി സ്ത്രീകൾ സുരക്ഷാസേനയെ തടഞ്ഞു
Wednesday, January 1, 2025 2:19 AM IST
ചുരാചന്ദ്പുർ: കലാപാന്തരീക്ഷം തുടരുന്ന മണിപ്പുരിലെ കാങ്പോക്പിയിൽ സുരക്ഷാസേനയുടെ വിന്യാസം തടസപ്പെടുത്തി കുക്കി സ്ത്രീകൾ. കാങ്പോക്പിയിൽ തംനാപോക്ക്പിക്കിനു സമീപം ഉയോക്ചിംഗിലാണ് സംയുക്ത സേനയെ പ്രതിരോധിക്കാൻ സ്ത്രീകളുടെ വലിയ സംഘം അണിനിരന്നത്.
കുക്കി മേധാവിത്വമുള്ള ഉയർന്ന പ്രദേശങ്ങളെയും മെയ്തെ കൾ കൂടുതലായുള്ള ഇഫാൽതാഴ്വരയെയും വേർതിരിക്കുന്ന നിഷ്പക്ഷ മേഖലയിലാണ് സംഭവം. സുരക്ഷാസേനയുടെ നടപടിയിൽ നിരവധിപേർക്ക് പരിക്കേറ്റതായി പ്രദേശവാസികൾ ആരോപിച്ചു.
കരസേനയുടെയും ബിഎസ്എഫിന്റെയും സിആർപിഎഫിന്റെയും ഒപ്പം മണിപ്പുർ പോലീസും അടങ്ങുന്നതായിരുന്നു സംഘം. സ്ഥിതിഗതികൾ ഇന്നലെ വൈകുന്നേരത്തോടെ സാധാരണ നിലയിലെത്തിയതായി സുരക്ഷാസേന അറിയിച്ചു.
ഇംഫാൽ താഴ്വരയിലേക്ക് ഉയർന്ന പ്രദേശങ്ങളിൽനിന്ന് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്നാണ് സുരക്ഷാസേന പ്രദേശത്തെത്തിയത്. എന്നാൽ, കുക്കികളുടെ ബങ്കറുകളിൽ സുരക്ഷാസന കടന്നുകയറിയതാണു പ്രശ്നകാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നത്.