അടിയന്തരപ്രാധാന്യമുള്ള കേസുകൾ കത്തുകളിലൂടെ സൂചിപ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ്
Friday, January 3, 2025 2:32 AM IST
ന്യൂഡൽഹി: അടിയന്തരപ്രാധാന്യമുള്ള കേസുകൾ കത്തുകളിലൂടെ സൂചിപ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന. നേരത്തെ ഇ-മെയിലിലൂടെയും കത്തുകളിലൂടെയും അടിയന്തരപ്രാധാന്യമുള്ള കേസുകൾ സുപ്രീംകോടതിയെ അറിയിക്കാമായിരുന്നെങ്കിലും ഇ-മെയിലിലൂടെയുള്ള അപേക്ഷകൾ കാര്യക്ഷമമല്ലെന്നു കണ്ടാണ് പുതിയ നിർദേശം.
പ്രാധാന്യമുള്ള കേസുകൾ കത്തുകൾ വഴി നേരിട്ടു നൽകുകയാണെങ്കിൽ അവ ഉച്ചകഴിഞ്ഞ് വിലയിരുത്തിയതിനുശേഷം ആവശ്യമുള്ളവ അടിയന്തരമായി പരിഗണനയ്ക്കെടുക്കുമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
മുന്പ് അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണനയ്ക്കെടുക്കുന്നതിനായി അഭിഭാഷകർ ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള ബെഞ്ചിനു മുന്പാകെ കോടതി നടപടികൾ തുടങ്ങുന്നതിനുമുന്പ് വാക്കാൽ അറിയിക്കുക മാത്രമാണു ചെയ്തിരുന്നത്.
സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റീസ് പദവി ഏറ്റെടുത്തതിനു ശേഷമാണ് അത്തരം നടപടികൾക്ക് തടയിട്ട് അടിയന്തര പ്രാധാന്യമുള്ള കേസുകൾ ഇ-മെയിലിലൂടെയോ കത്തുകളിലൂടെയോ അറിയിക്കണമെന്ന കീഴ്വഴക്കം വന്നത്.