ഗ്രാമമുഖ്യന്റെ കൊലപാതകം ; ജലസമാധി പ്രതിഷേധവുമായി ഗ്രാമം
Thursday, January 2, 2025 1:33 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ബീഡിൽ ഗ്രാമമുഖ്യനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപോയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജല സമാധി പ്രതിഷേധവുമായി ഗ്രാമം.
മസാജോഗിലെ തടാകത്തിൽ അരയോളം വെള്ളത്തിലിറങ്ങിനിന്നായിരുന്നു പ്രതിഷേധം.
ഡിസംബർ ഒൻപതിനാണ് മസാജോഗ് ഗ്രാമത്തലവനായ സന്തോഷ് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കേസിൽ പോലീസ് അന്വേഷിക്കുന്ന വാൽമീകി കരാഡ് ചൊവ്വാഴ്ച പൂന പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെയുടെ അടുത്ത അനുയായിയാണ് വാൽമീകി കരാഡ്. ഇയാളെ കോടതി 14 ദിവസം പോലീസ് കസ്റ്റഡിയിൽവിട്ടു.
ബീഡ് ജില്ലാ പോലീസ് മേധാവി ഗ്രാമത്തിലെത്തി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തി.
കേസിലെ മറ്റ് പ്രതികളെ 10 ദിവസത്തിനുള്ളിൽ പിടികൂടുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
ബീഡ് ജില്ലയിൽ സ്ഥാപിച്ച കാറ്റാടിയന്ത്രം കമ്പനിയിൽനിന്ന് ചിലർ രണ്ടുകോടിയോളം രൂപ ആവശ്യപ്പെട്ടത് ഗ്രാമമുഖ്യൻ എതിർത്തതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പറയുന്നത്.