മൻമോഹൻ സിംഗിന്റെ സ്മാരകം: നടപടികൾ ആരംഭിച്ചു
Thursday, January 2, 2025 1:33 AM IST
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മാരക നിർമാണവുമായി ബന്ധപ്പെട്ട നടപടികൾക്കു തുടക്കമിട്ട് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി മൻമോഹൻ സിംഗിന്റെ കുടുംബവുമായി സർക്കാർ കൂടിയാലോചന നടത്തി. സർക്കാർ മുന്നോട്ടുവച്ച സ്ഥലങ്ങളിൽ കുടുംബത്തിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
രാജ്ഘട്ട്, രാഷ്ട്രീയ സ്മൃതി സ്ഥൽ, കിസാൻ ഘട്ട് തുടങ്ങിയ സ്ഥലങ്ങളാണു പരിഗണനയിൽ. ഇതിൽനിന്നു തെരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു സ്ഥലത്തായിരിക്കും സ്മാരകം നിർമിക്കുക.ഒന്നു മുതൽ ഒന്നര ഏക്കർ വരെ സ്ഥലമാണു സ്മാരകം നിർമിക്കുന്നതിനായി വേണ്ടത്.
കേന്ദ്ര നഗരവികസന കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇതിനോടകം ഈ സ്ഥലങ്ങളിൽ പരിശോധന നടത്തി. എന്നാൽ ഇതുവരെയും ഒരു സ്ഥലവും അന്തിമമാക്കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കുടുംബവുമായി ചർച്ച ചെയ്തായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
പുതിയ നയമനുസരിച്ച് ഒരു ട്രസ്റ്റിനു മാത്രമാണ് സ്മാരകത്തിനുള്ള ഭൂമി അനുവദിക്കുക. ട്രസ്റ്റ് രൂപീകരിച്ചശേഷം ഭൂമി അനുവദിക്കുന്നതിന് അപേക്ഷിക്കുകയും നിർമാണത്തിനായി കേന്ദ്ര പൊതുമരാമത്ത് വകുപ്പുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്യും. ഇതിനുശേഷമാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
മുൻ പ്രധാനമന്ത്രിയെ നിഗംബോധ് ഘട്ടിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നിരുന്നു. സംസ്കാരവും സ്മാരകവും ഒരു സ്ഥലത്തു വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നില്ല.