സജൻ പ്രകാശിന് അർജുന, എസ്. മുരളീധരന് ദ്രോണാചാര്യ
Friday, January 3, 2025 2:32 AM IST
സീനോ സാജു
ന്യൂഡൽഹി: കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്കാരത്തിന് നാലു താരങ്ങള്‍ അര്‍ഹരായി. പാരീസ് ഒളിന്പിക്സിൽ രണ്ടു മെഡൽ നേടിയ മനു ഭാകര്‍, ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, പുരുഷ ഹോക്കി ടീം നായകന് ഹര്‍മന്‍പ്രീത് സിംഗ്, പാരാലിന്പിക് സ്വര്‍ണമെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണു ഖേല്‍രത്ന പുരസ്കാരം.
രാജ്യത്തിന്റെ പരമോന്നത കായികപുരസ്കാരങ്ങളിൽ ഇത്തവണയും കേരളത്തിന്റെ സ്പർശമുണ്ട്. അർജുന അവാർഡ് ലഭിച്ച 32 താരങ്ങളിൽ മലയാളി താരം സജൻ പ്രകാശും ഉൾപ്പെട്ടിട്ടുണ്ട്.
നീന്തലിൽ രാജ്യത്തിന്റെ യശസുയർത്തി മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ സജൻ പ്രകാശ് 2021ൽ യോഗ്യതാ ടൈമിംഗ് എ സ്റ്റാൻഡേർഡ് സമയത്തിൽ പൂർത്തിയാക്കി ഒളിന്പിക്സിൽ നേരിട്ടു യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമെന്നു ചരിത്രമെഴുതിയിരുന്നു.
പാരീസ് ഒളിന്പിക്സിൽ വെങ്കലം നേടിയ ഗുസ്തി താരം അമൻ സെരാവത്ത്, ഷൂട്ടർമാരായ സ്വപ്നിൽ കുസാലെ, സരബ്ജോത് സിംഗ്, ഹോക്കി താരങ്ങളായ ജർമൻപ്രീത് സിംഗ്, സുഖ്ജീത് സിംഗ്, സഞ്ജയ്, അഭിഷേക് തുടങ്ങിയവരും അർജുന അവാർഡിന് അർഹരായി. പാരീസ് പാരാലിന്പിക്സിൽ 29 മെഡലുകളുമായി പുതിയ ഇതിഹാസം രചിച്ച ഇന്ത്യൻ ടീമിൽനിന്ന് 17 താരങ്ങളാണ് ഇത്തവണ അർജുന അവാർഡ് സ്വന്തമാക്കിയത്.
ദ്രോണാചാര്യ പുരസ്കാരം ലഭിച്ച അഞ്ചു പരിശീലകരിൽ മലയാളി ബാഡ്മിന്റണ്‍ പരിശീലകൻ എസ്. മുരളീധരനും ഉൾപ്പെടുന്നു. പരിശീലനരംഗത്തെ മുരളീധരന്റെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം. ഒളിംപിക്സ് വെങ്കലം നേടിയ സ്വപ്നിൽ കുസാലെയുടെ പരിശീലകൻ ദീപാലി ദേശ്പാണ്ഡെയും ദ്രോണാചാര്യ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.കേന്ദ്ര കായികമന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങൾ ഈ മാസം 17ന് രാഷ്ട്രപതി ദ്രൗപദി മുർമു വിതരണം ചെയ്യും.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഒളിന്പിക്സിൽ രണ്ടു മെഡൽ സ്വന്തമാക്കിയ മനു ഭാകറുടെ പേര് ഖേൽരത്ന പുരസ്കാരത്തിന് ശിപാർശ ചെയ്യാതിരുന്നത് വൻ വിവാദമായിരുന്നു. ഇതിനെതിരേ മനുവിന്റെ പരിശീലകന് ജസ്പാല്‍ റാണയും പിതാവ് രാം കിഷനും രംഗത്തെത്തിയെങ്കിലും കൃത്യസമയത്ത് അപേക്ഷിക്കാഞ്ഞത് തന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് മനു ഭാകര്‍ വിശദീകരിച്ചിരുന്നു.
പാരീസ് ഒളിന്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം വിഭാഗങ്ങളിലായിരുന്നു മനുവിന്റെ ചരിത്രനേട്ടം. കഴിഞ്ഞ മാസം നടന്ന ലോക ചെസ് ചാന്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ചാണു ഡി. ഗുകേഷ് 18-ാം വയസിൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ ഓപ്പൺ ചെസ് ചാന്പ്യനാകുന്നത്.
പാരീസ് ഒളിന്പിക്സിൽ ഇന്ത്യ വെങ്കലമെഡൽ സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ ഹോക്കി ടീമിനെ മുന്നിൽനിന്നു നയിച്ച ഹർമൻപ്രീത് സിംഗാണ് രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി സ്വന്തമാക്കിയ മറ്റൊരു അഭിമാന താരം.
പരിമിതികളെ ചാടിക്കടന്നുള്ള നേട്ടങ്ങളാണു പാരാലിന്പിക് താരം പ്രവീണ്‍ കുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. പാരീസ് പാരാലിന്പിക്സിൽ ഹൈജംപ് ടി64 മത്സരത്തിൽ സ്വർണം നേടിയതാണ് പ്രവീണിനെ അർജുനയ്ക്ക് അർഹനാക്കിയത്.