കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന മൂന്നുവയസുകാരി മരിച്ചു
Thursday, January 2, 2025 2:55 AM IST
കോട്പുത്ലി: രാജസ്ഥാനിലെ കോട്പുത്ലിയില് കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടന്ന മൂന്നുവയസുകാരി ചേതന മരണത്തിനു കീഴടങ്ങി.
പത്തു ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
കോട്പുത്ലിയിലെ കിരാത്പുര ഗ്രാമത്തിൽ ബദിയാലി കി ധനിയിലുള്ള 700 അടിയിലേറെ താഴ്ചയുള്ള കിണറില്‍ കഴിഞ്ഞ 23ന് ഉച്ചകഴിഞ്ഞാണ് ചേതന വീണത്. കളിക്കുന്നതിനിടെ കുഴൽക്കിണറിലേക്ക് കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്. കരച്ചില്‍കേട്ട് എത്തിയ കുടുംബാംഗങ്ങള്‍ പത്തുമിനിറ്റോളം പരതിയശേഷമാണ് കുഞ്ഞ് കുഴല്ക്കിണറിനുള്ളില്പ്പെട്ടതായി അറിഞ്ഞത്.
തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കുഞ്ഞിന്റെ ജീവന് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കായി മെഡിക്കല്‍ സംഘവും കുഴല്‍ക്കിണറിനു സമീപം തമ്പടിച്ചു. അഞ്ചുതവണ രക്ഷാദൗത്യം പരാജയപ്പെട്ടു. എല്ലാ തടസങ്ങളെയും അതിജീവിച്ചാണ് ചേതനയെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്.