"നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നു' ; ബിഎസ്എഫിനെതിരേ ഗുരുതര ആരോപണവുമായി മമത
Friday, January 3, 2025 2:32 AM IST
കൊൽക്കത്ത: ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ ബംഗാളിലേക്ക് കടക്കാൻ അതിർത്തിസംരക്ഷണ സേനയായ ബിഎസ്എഫ് അനുവദിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിനെ അസ്വസ്ഥപ്പെടുത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിതെന്നും മമത കുറ്റപ്പെടുത്തി.
“ഇസ്ലാംപുർ, സിതായ്, ചോപ്ര തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞുകയറ്റക്കാരെ ബംഗാളിൽ പ്രവേശിക്കാൻ ബിഎസ്എഫ് അനുവദിക്കുകയാണ്. ബിഎസ്എഫ് സ്ത്രീകളെ പീഡിപ്പിക്കുകയും സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. അതിർത്തിസുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമല്ല, ബിഎസ്എഫിന്റേതാണ്. വീസ ഞങ്ങളുടെ കാര്യമല്ല, കേന്ദ്രസർക്കാരിന്റെ കാര്യമാണ്. ഇവിടെ വിമാനത്തിൽ വന്നുപോകുന്നവരുടെ പട്ടിക ഞങ്ങൾക്കു ലഭിക്കുമായിരുന്നു. പക്ഷേ, ഇപ്പോൾ അത് നിർത്തി. അതിനാൽ, ആരൊക്കെയാണ് വരുന്നതെന്നു ഞങ്ങൾക്ക് അറിയില്ല. നുഴഞ്ഞുകയറ്റ പ്രശ്നത്തിൽ തൃണമൂൽ കോൺഗ്രസിനെ കുറ്റപ്പെടുത്താനുള്ള ഗൂഢാലോചനയാണിത്’’ - മമത പറഞ്ഞു. മമതയുടെ ആരോപണത്തോട് ബിഎസ്എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.