ജഡ്ജിമാരിലെ ബന്ധുനിയമനത്തിന് തടയിടാൻ സുപ്രീംകോടതി കൊളീജിയം
Tuesday, December 31, 2024 1:10 AM IST
ന്യൂഡൽഹി: സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ബന്ധുക്കളെ ഹൈക്കോടതി ജഡ്ജിമാരായി ശിപാർശ ചെയ്യുന്ന നടപടിക്ക് തടയിടാനൊരുങ്ങി സുപ്രീംകോടതി കൊളീജിയം.
വിരമിച്ചതും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നവരുമായ ജഡ്ജിമാരുടെ ബന്ധുക്കൾക്ക് ഹൈക്കോടതി ജഡ്ജി പദവിയിലേക്ക് കൂടുതൽ മുൻഗണന ലഭിക്കുന്നുവെന്ന് കണ്ടാണ് അത്തരം ശിപാർശകൾക്കു തടയിടാൻ സുപ്രീംകോടതി കൊളീജിയം ഒരുങ്ങുന്നത്. ജഡ്ജിമാരുടെ ബന്ധുക്കളെ ഹൈക്കോടതി ജഡ്ജിമാരായി ശിപാർശ ചെയ്യുന്പോൾ കഴിവുള്ള പല അഭിഭാഷകരും ആ സ്ഥാനത്ത് എത്താതെ തഴയപ്പെടുകയാണെന്ന വാദവും കൊളീജിയം കണക്കിലെടുത്തു.
ജഡ്ജിമാർതന്നെ ജഡ്ജിമാരെ നിയമിക്കുന്ന നിലവിലുള്ള കൊളീജിയം സംവിധാനം സുതാര്യതയുടെ പേരിലും പക്ഷപാതത്തിന്റെ പേരിലും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് സുപ്രധാനമായ തീരുമാനം നടപ്പിലാക്കാനായി സുപ്രീംകോടതി കൊളീജിയം തയാറെടുക്കുന്നത്.
നിലവിൽ ഹൈക്കോടതി കോളീജിയങ്ങളാണു ഹൈക്കോടതി ജഡ്ജിമാരെ ശിപാർശ ചെയ്യുന്നത് എന്നതിനാൽ കൊളീജിയം അംഗങ്ങൾ തങ്ങളുടെയും പ്രമുഖ ജഡ്ജിമാരുടെയും ബന്ധുക്കളെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നുവെന്ന വിമർശനം കാലങ്ങളായി നിലനിൽക്കുന്നതാണ്.
ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിനു ബദലായി 2015ൽ ദേശീയ ജുഡീഷൽ നിയമന കമ്മീഷൻ കേന്ദ്രസർക്കാർ കൊണ്ടുവന്നിരുന്നെങ്കിലും അത്തരമൊരു കമ്മീഷൻ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. സുപ്രീംകോടതി കൊളീജിയത്തിലെ ഒരംഗമാണ് ഹൈക്കോടതി ജഡ്ജിമാരിലെ ബന്ധുനിയമനം അവസാനിപ്പിക്കാനുള്ള ആശയം മുന്നോട്ടുവച്ചത്.
ബന്ധുനിയമനം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമം നടപ്പിലായാൽ അർഹതയുണ്ടായാലും ജഡ്ജിയുടെ ബന്ധുവാണെന്ന കാരണത്താൽ ഹൈക്കോടതി ജഡ്ജിയാകാൻ കഴിയില്ലെന്ന വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ ചുരുക്കം പേർക്ക് അങ്ങനെ അവസരങ്ങൾ നഷ്ടമായാലും അവർക്കു വിജയകരമായ ഒരു അഭിഭാഷകജീവിതം മുന്നിലുണ്ടെന്ന് കൊളീജിയം കരുതുന്നു.