ഗ്രാമമുഖ്യന്റെ കൊലപാതകം; ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല: ഫഡ്നാവിസ്
Wednesday, January 1, 2025 2:19 AM IST
മുംബൈ: ബീഡിലെ ഗ്രാമമുഖ്യ ൻ സന്തോഷ് ദേശ്മുഖ് വധക്കേസിൽ പ്രതികളായ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ഗുണ്ടാരാജ് വച്ചുപൊറുപ്പിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
ദേശ്മുഖിന്റെ സഹോദരനുമായി ഫോണിൽ സംസാരിച്ചതായും കേസിൽ നീതി ലഭിക്കുമെന്ന് ഉറപ്പുനൽകിയതായും കുറ്റവാളികളെ തൂക്കിലേറ്റുന്നത് വരെ പോലീസ് വിശ്രമിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കേസിൽ ഉൾപ്പെട്ട ആരെയും ഒഴിവാക്കില്ലെന്നും എല്ലാവരെയും നിയമത്തിനു മുന്പിൽ കൊണ്ടുവരുമെന്നും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബീഡ് ജില്ലയിലെ ഒരു കാറ്റാടി മിൽ കമ്പനിയിൽനിന്ന് പണം ആവശ്യപ്പെട്ട് ചിലർ പണം തട്ടിയെടുക്കാൻ ശ്രമിച്ചതിനെ എതിർത്തതിന്റെ പേരിലാണ് മസാജോഗ് ഗ്രാമത്തിലെ സർപഞ്ച് സന്തോഷ് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്.