കോൺഗ്രസിന്റെ ഭരണഘടനാ സംരക്ഷണ പ്രചാരണ പരിപാടികൾ നാളെ മുതൽ
Thursday, January 2, 2025 2:55 AM IST
ന്യൂഡൽഹി: ഭരണഘടനയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യത്തിന് ഊന്നൽ നൽകി കോണ്ഗ്രസ് സംഘടിപ്പിക്കുന്ന “ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ അഭിയാന് ”നാളെ തുടക്കമാകും. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ബ്ലോക്കുകളിലും റാലികളടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കും.
മഹാത്മാഗാന്ധിയെയും ഡോ. ബി.ആർ. അംബേദ്കറിനെയും ഭരണഘടനയെയും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചാരണപരിപാടി അംബേദ്കറിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മൗവിൽ ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ സമാപിക്കും.
കർണാടകയിലെ ബെലഗാവിയിൽ നടന്ന കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് ഒരു മാസം നീളുന്ന പ്രചാരണപരിപാടികൾ നടത്താൻ തീരുമാനിച്ചത്. ഡിസംബർ 27ന് ആരംഭിക്കാനിരുന്ന പ്രചാരണപരിപാടി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന “സംവിധാൻ ബചാവോ രാഷ്ട്രീയ പദയാത്ര”യ്ക്ക് തുടക്കമിടാനും കോണ്ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിൽ ആരംഭിക്കുന്ന പദയാത്ര 2026 ജനുവരി 26 വരെ നീളും. അടിത്തട്ട് മുതൽ ദേശീയതലത്തിലുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്ര പാർട്ടിയുടെ പുനഃസംഘടനയ്ക്ക് നിർണായക ഘടകമായി മാറുമെന്നാണ് നേതൃത്വത്തിന്റെ അനുമാനം. ഈ വർഷം ഏപ്രിലിൽ ഗുജറാത്തിൽ എഐസിസി സമ്മേളനം നടത്താനും കോണ്ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.