പുതുവർഷദിനത്തിൽ യുവാവിന്റെ കൊടുംക്രൂരത; അമ്മയെയും നാല് സഹോദരിമാരെയും ഹോട്ടൽമുറിയിൽ കൊലപ്പെടുത്തി
Thursday, January 2, 2025 1:33 AM IST
ലക്നോ: പുതുവർഷത്തിൽ ആഗ്ര നഗരത്തെ നടുക്കി യുവാവിന്റെ കൊടുംക്രൂരകൃത്യം. അമ്മയെയും നാല് സഹോദരിമാരെയും ഹോട്ടലിൽവച്ച് യുവാവ് കൊലപ്പെടുത്തുകയായിരുന്നു.
അയൽവാസികളും ഭൂമാഫിയയും ചേർന്നു വീടു തട്ടിയെടുത്തതും സഹോദരിമാരെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതുമാണു കൊലപാതകത്തിനു കാരണമായി അറസ്റ്റിലായ മുഹമ്മദ് അർഷാദ് എന്ന 24 കാരൻ പറയുന്നത്. മുഹമ്മദ് അർഷാദിന്റെ സഹോദരിമാരായ ആലിയ (9), അക്സ (16) റഹ്മിൻ (18) അൽഷിയ (19) എന്നിവരും അമ്മ അസ്മയുമാണു കൊല്ലപ്പെട്ടത്.
മധ്യ ലക്നോയിലെ ഷരൺജീത് ഹോട്ടലിലാണു ബുദാൻ സ്വദേശിയായ മുഹമ്മദ് അർഷാദ് കൊലനടത്തിയതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ രവീണ ത്യാഗി പറഞ്ഞു.
കുടുംബകലഹമാണു കൊലപാതകത്തിനു പിന്നിലെന്നാണു സൂചന. ചില മൃതദേഹങ്ങളുടെ കൈത്തണ്ടയിലും കഴുത്തിലും പരിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകവിവരം പുറത്തെത്തിയതിനു പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട് അർഷാദ് സമൂഹമാധ്യമത്തിൽ പോസ്റ്റ്ചെയ്ത വീഡിയോയും ആളുകൾ ശ്രദ്ധിക്കുന്നത്. സംഭവത്തിൽ ക്ഷമ ചോദിക്കുകയാണെന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയിൽ സഹോദരിമാരെ വില്ക്കുന്നതു തടയുന്നതിനാണു കൊലപാതകം നടത്തിയതെന്ന് അർഷാദ് വാദിക്കുന്നു. ബുദാനിലെ അയല്‍വാസികളും ഭൂമാഫിയയും വീടു സ്വന്തമാക്കി. സഹോദരിമാരെ കടത്തിക്കൊണ്ടുപോകാനും ഇവർ ശ്രമിക്കുകയാണ്.
അമ്മയെയും നാലു സഹോദരിമാരെയും കൊന്നുവെന്ന് മറ്റൊരു വീഡിയോയില്‍ ഇയാൾ പറയുന്നു. മൃതദേഹങ്ങള്‍ കാണിക്കുന്നതിനിടെ ശ്വാസംമുട്ടിച്ചും കൈഞരമ്പ് മുറിച്ചുമാണ് കൊലനടത്തിയതെന്നും വിശദീകരിച്ചു. അച്ഛന് ഇതിനായി സഹായിച്ചുവെന്ന വെളിപ്പെടുത്തലും നടത്തുന്നുണ്ട്.
“സമീപവാസികളുടെ ഉപദ്രവം മൂലമാണ് കുടുംബം ഈ വഴി തെരഞ്ഞെടുത്തത്. ഞാന്‍ അമ്മയെയും സഹോദരിമാരെയും കൊന്നു. പ്രദേശവാസികളാണ് സംഭവത്തിന് ഉത്തരവാദികളെന്ന് ഈ വീഡിയോ പോലീസിന്റെ കൈവശമെത്തുന്നതോടെ ബോധ്യമാകും. വീട് പിടിച്ചെടുക്കാനായി സമീപവാസികള്‍ ഞങ്ങളെ ഭയപ്പെടുത്തുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ഒരാളും പരാതി കേള്‍ക്കാന്‍ തയ്യാറായില്ല. വഴിവക്കില്‍ കിടന്നുറങ്ങാന്‍ തുടങ്ങിയിട്ട് പതിനഞ്ച് ദിവസമായി’’-മുഹമ്മദ് അർഷാദ് വാദിക്കുന്നു.
മതംമാറാന്‍ കുടുംബം തയാറാണ്. നീതിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ഥിക്കുകയാണ്. ഭൂമാഫിയസംഘാംഗങ്ങളായ റാനു, അഫ്താബ്, അലീം ഖാന്, സലിം, ആരിഫ്, അഹമ്മദ്, അസര്‍ എന്നിവരാണ് എല്ലാറ്റിനും പിന്നിൽ. എന്നെയും അച്ഛനെയും വ്യാജകേസില്പ്പെടുത്തിയശേഷം സഹോദരിമാരെ വില്ക്കാൻ അവർ ശ്രമിക്കുകയായിരുന്നു. അത് അനുവദിച്ചുകൊടുക്കാനാവില്ല. സഹോദരിമാരെ കൊലപ്പെടുത്താന്‍ ഇതുമൂലം നിര്‍ബന്ധിതനാവുകയായിരുന്നു- വീഡിയോ തുടരുന്നു.
അതേസമയം ആഗ്രയിൽ നിന്ന് കുടുംബം എങ്ങനെയാണ് ലക്നോയിലെത്തിയത് എന്നതുൾപ്പെടെ കാര്യങ്ങളിൽ വ്യക്തത ലഭിച്ചിട്ടില്ല. കൊലപാതകത്തിന്റെ കാരണവും മനസിലാക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.