വടക്കുകിഴക്കൻ മേഖലയിലെ 77 ശതമാനം അക്രമവും മണിപ്പുരിലെന്ന് കേന്ദ്ര റിപ്പോർട്ട്
Thursday, January 2, 2025 2:56 AM IST
ന്യൂഡൽഹി: 2023ൽ വടക്കുകിഴക്കൻ മേഖലയിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമസംഭവങ്ങളിൽ 77 ശതമാനവും മണിപ്പുരിലാണ് ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്.
റിപ്പോർട്ട് ചെയ്ത 243 അക്രമസംഭവങ്ങളിൽ 187ഉം മണിപ്പുരിലാണുണ്ടായത്. 2023 മേയ് മാസം പൊട്ടിപ്പുറപ്പെട്ട മണിപ്പുരിലെ വംശീയകലാപം 20 മാസം പിന്നിട്ടിട്ടും മാറ്റമില്ലാതെ തുടരുന്പോഴാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ 2023-24 വാർഷിക റിപ്പോർട്ട് പുറത്തു വരുന്നത്.
മണിപ്പുരിലുണ്ടായ കലാപം മൂലം വടക്കുകിഴക്കൻ മേഖലയിലെ ഇതര പ്രദേശങ്ങളിലും അക്രമസംഭവങ്ങളിൽ വർധനയുണ്ടായെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കലാപം അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തിനിടെ 33 കലാപകാരികൾ കൊല്ലപ്പെട്ടു. റിപ്പോർട്ട് ചെയ്ത 187 അക്രമസംഭവങ്ങളിൽ 35 സാധാരണക്കാരും ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.
184 കലാപകാരികളെ അറസ്റ്റ് ചെയ്യുകയും 49 ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കലാപകാരികളായ 80 ആയുധധാരികൾ 31 ആയുധങ്ങളുമായി കീഴടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, 2024ൽ നവംബർ 30 വരെയുള്ള കണക്കുകളനുസരിച്ച് 203 അക്രമസംഭവങ്ങളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വടക്കുകിഴക്കൻ മേഖലയിൽ 2023ലുണ്ടായ 243 അക്രമസംഭവങ്ങളിൽ 38 സാധാരണക്കാരും എട്ടു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022 ൽ 137 അക്രമസംഭവങ്ങളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്. മണിപ്പുരിലെ ക്രമസമാധാനം ഉറപ്പാക്കാനായി 247 കോടി രൂപയാണ് കേന്ദ്രം വിനിയോഗിച്ചത്.
2023 മേയിൽ മണിപ്പുരിൽ കലാപം തുടങ്ങിയതിനുശേഷം 250ലധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടിലുള്ളത്. സംഘർഷം തുടങ്ങി ആദ്യ മൂന്നു മാസങ്ങളിൽ ബലാത്സംഗം, സ്ത്രീകൾക്കെതിരേയുള്ള അക്രമം, കൊലപാതകം, മോഷണം തുടങ്ങിയ അക്രമസംഭവങ്ങളിൽ 3023 പ്രഥമ അന്വേഷണ റിപ്പോർട്ടുകളാണ് (എഫ്ഐആർ) രജിസ്റ്റർ ചെയ്തത്.