കർഷക നേതാവിന്റെ നിരാഹാരസമരം; കേന്ദ്രം ചർച്ചയ്ക്കു തയാറാകണമെന്ന് സുപ്രീംകോടതിയിൽ പഞ്ചാബ് സർക്കാർ
Wednesday, January 1, 2025 2:19 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറായാൽ നിരാഹാരസമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വൈദ്യസഹായത്തിനു തയാറാകുമെന്ന് പഞ്ചാബ് സർക്കാർ സുപ്രീംകോടതിയിൽ. വിളകൾക്കു മിനിമം താങ്ങുവില ആവശ്യപ്പെട്ടു സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് 35 ദിവസമായി ദല്ലേവാൾ നിരാഹാരസമരം തുടരുകയാണ്.
അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സുപ്രീംകോടതി നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തിന് വൈദ്യസഹായം ഉറപ്പാക്കണമെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഖനൗരി അതിർത്തിയിൽ നിരാഹാരസമരം നടത്തുന്ന ദല്ലേവാളുമായി സർക്കാർ നിയോഗിച്ച സംഘം ചർച്ചകൾ നടത്തിയെന്നും കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറായാൽ വൈദ്യസഹായം തേടാമെന്ന് അദ്ദേഹം വ്യക്തമാക്കിയെന്നുമാണ് പഞ്ചാബ് സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഗുർമീന്ദർ സിംഗ് സുപ്രീംകോടതിയെ അറിയിച്ചത്. സംഭവത്തിൽ വിശദമായ വാദം ജനുവരി രണ്ടിന് കേൾക്കും.
നിരാഹാരമിരിക്കുന്ന കർഷക നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് കഴിഞ്ഞ 20ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതു പാലിക്കാതിരുന്ന പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരേ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണു കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറായാൽ വൈദ്യസഹായത്തിനു തയാറാകുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചത്.